തിരുവനന്തപുരം: സ്വർണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികൾ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചു. ജാമ്യ രേഖകൾ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് 3 ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കിയതായി ജയിൽ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.
പുറത്തിറങ്ങുന്ന സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ്. തിരുവനന്തപുരം വിമാനത്താവളം വഴി ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്നാണ് കേസ്. സ്വപ്ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികൾ. എൻഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് കേസ് പ്രധാനമായി അന്വേഷിച്ചത്. ഏകദേശം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്.
- Advertisement -