എറണാകുളം: അതിസുരക്ഷാ നമ്ബർ പ്ലേറ്റ് മാറ്റി കാറിൻറെ ഫാൻസി നമ്ബർ പ്ലേറ്റ് സ്ഥാപിച്ചതിന് നടൻ ജോജു ജോർജിനെതിരെ കേസ്. മോട്ടോർ വാഹന വകുപ്പാണ് കേസെടുത്തത്. പിഴയടച്ച് അതിസുരക്ഷാ നമ്ബർ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാനാണ് എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ ഉത്തരവിട്ടത്. ഫാൻസി നമ്ബർ പ്ലേറ്റ് വാഹനത്തിന് ഘടിപ്പിച്ചത് വഴി നടൻ ജോജു നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകനും കളമശേരി സ്വദേശിയുമായ മനാഫ് പുതുവായിലാണ് പരാതി നൽകിയത്.
ഇന്ധനവില വർധനക്കെതിരെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജുവിൻറെ ആഡംബര കാറായ ലാൻഡ് റോവർ ഡിഫൻഡറിൻറെ പിൻഭാഗത്തെ ഗ്ലാസ് പ്രതിഷേധക്കാർ തകർത്തിരുന്നു. കേടുപാട് സംഭവിച്ച കാർ കുണ്ടന്നൂരിലെ ഷോറൂമിൽ അറ്റകുറ്റപണിക്ക് നൽകിയിരിക്കുകയാണ്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ. ചന്തുവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷോറൂമിലെത്തി കാർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
- Advertisement -
ജോജുവിൻറെ ഉടമസ്ഥതയിലുള്ള മറ്റൊരു കാർ ഹരിയാന രജിസ്‌ട്രേഷനുള്ളതാണെന്നും കേരളത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടർനടപടി സ്വീകരിക്കാൻ ചാലക്കുടി ആർ.ടി.ഒക്ക് കൈമാറിയിട്ടുണ്ട്.
- Advertisement -