തിരുവനന്തപുരം/ചെന്നൈ: സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
- Advertisement -
കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന ഇടങ്ങൾ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെന്നൈയുടെ സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- Advertisement -