പാലക്കാട്: പാലക്കാട് കിണാശ്ശേരി മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെമുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
മുഖംമൂടി ധരിച്ചായിരുന്നു പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. അവിടെ വെച്ചാണ് ആദ്യം വെട്ടിയതെന്ന് പ്രതി പോലീസിന് ചൂണ്ടിക്കാട്ടി നല്‍കി. പിന്നീട് എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പോലീസിനോട് വിവരിച്ചു. കാറിന്റെ പുറകിലേക്കാണോ വശത്തേക്കാണോ വലിച്ച് മാറ്റിയതെന്നതടക്കം പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായി തന്നെ പ്രതി ഉത്തരം നല്‍കി.
- Advertisement -
പാലക്കാട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി എത്തിയ സംഘത്തിലുണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം നടത്തിയ ശേഷം പ്രതികളായ മൂന്ന് പേര്‍ മാരുതി 800 കാറില്‍ രക്ഷപ്പെട്ടു. കുഴല്‍മന്ദം വരെ ഒരുമിച്ചാണ് പോയത്. ഇവിടെ വെച്ച് കാറ് കേടായി. വര്‍ക്ക്‌ഷോപ്പില്‍ പോയെങ്കിലും കാറ് പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടര്‍ന്ന് കുഴല്‍മന്ദത്ത് നിന്ന് പ്രതികള്‍ പലവഴിക്ക് നീങ്ങുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി.
ഇതിനിടയില്‍ കണ്ണന്നൂര്‍ വെച്ച് കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നല്‍കി. ആയുധം ഉപേക്ഷിച്ച കണ്ണന്നൂര്‍ സര്‍വീസ് റോഡിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
- Advertisement -