ദില്ലി: സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ഐഐടി പ്രവേശനം സാധ്യമായി ദളിത് ബാലൻ. പതിനേഴുകാരനായ പ്രിൻസ് ജയ്ബീർ സിംഗ് എന്ന വിദ്യാർത്ഥിയാണ് ഐഐടി പ്രവേശനത്തിൽ തടസം നേരിട്ടതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥിക്ക് ഐഐടി പ്രവേശനം ലഭിക്കാതിരിക്കുകയും പരമോന്നത നീതി പീഠത്തിൽ നിന്ന് നീതി ലഭിക്കാതിരിക്കുകയും ചെയ്താൽ അത് നീതിയെ പരിഹാസ്യമാക്കുന്നത് പോലെയാകും എന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ വാക്കുകൾ.
ഉത്തർപ്രദേശിലെ ഗാസിയബാദ് സ്വദേശിയായ വിദ്യാർത്ഥിക്ക് ഒക്ടോബർ 27നാണ് ഐഐടിയിൽ സിവിൽ എഞ്ചിനീയറിംഗ് പ്രവേശനം ലഭിച്ചത്. എന്നാൽ മുൻകൂർ ഫീസായ 15000 രൂപ അടക്കാൻ സാധിച്ചില്ല. സീറ്റ് ഉറപ്പാക്കാൻ വേണ്ടി ഓൺലൈനായിട്ടാണ് തുക അടക്കേണ്ടിയിരുന്നത്. പിന്നീട് സഹോദരിമാരുടെ സഹായത്തോടെ പണം സ്വരൂപിച്ച് അടക്കാൻ ശ്രമിച്ചപ്പോൾ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ഫീസടക്കാൻ സാധിച്ചില്ല.
- Advertisement -
‘പണം തയ്യാറാക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പക്ഷേ എന്റെ സഹോദരി പിന്നീട് സഹായിച്ചു. പിന്നീട് ഫീസ് അടക്കാൻ എത്തിയപ്പോൾ സാങ്കേതിക തകരാർ മൂലം സാധിച്ചില്ല.’ തന്റെ പ്രശ്നം ഉന്നയിച്ച് വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. പിന്നീടാണ് സുപ്രീം കോടതിയെ സമീപിച്ചത്. 48 മണിക്കൂറിനുളളിൽ സീറ്റ് അനുവദിക്കണമെന്നാണ് തിങ്കളാഴ്ച സുപ്രീം കോടതി ഐഐടിയോട് ആവശ്യപ്പെട്ടത്. ‘ഈ വിദ്യാർത്ഥിക്ക് സീറ്റ് നൽകുക, ഒപ്പം മറ്റ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക’ എന്ന് കോടതി നിർദ്ദേശിച്ചു.
- Advertisement -