ഉജ്ജയിന്‍: സന്ന്യാസിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാമായണ്‍ എക്‌സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ കാവി യൂണിഫോം ഒഴിവാക്കി. രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാര്‍ സന്ന്യാസിമാര്‍ ധരിക്കുന്ന പോലെയുള്ള കാവി വസ്ത്രവും മാലയും അണിഞ്ഞായിരുന്നു ട്രെയിനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇത് സന്ന്യാസിമാരെയും ഹിന്ദു മതത്തെയും അവഹേളിക്കുന്നതാണെന്ന് സന്ന്യാസിമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് യൂണിഫോം മാറ്റാന്‍ ഐആര്‍ടിസി തീരുമാനിച്ചത്. യൂണിഫോം മാറ്റിയില്ലെങ്കില്‍ ഡിസംബര്‍ 12ന് ട്രെയിന്‍ തടയുമെന്നും സന്ന്യാസിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാമായണ്‍ ട്രെയിനിലെ വെയിറ്റര്‍മാരും മറ്റ് ജോലിക്കാരും കാവി വസ്ത്രം ധരിക്കുന്നതിനുള്ള എതിര്‍പ്പ് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നു. സന്ന്യാസമിാര്‍ ധരിക്കുന്നതിന് സമാനമായ ശിരോവസ്ത്രമുള്ള കാവി വസ്ത്രം ധരിക്കുന്നതും രുദ്രാക്ഷ മാലകള്‍ അണിയുന്നതും ഹിന്ദു മതത്തിനപമാനമാണെന്ന് ഉജ്ജയിന്‍ അഖാഡ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി അവ്‌ദേശ്പുരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തീരുമാനം മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ദില്ലി സഫ്ദര്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനനില്‍ ട്രെയിന്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ യൂണിഫോമില്‍ മാറ്റം വരുത്തുമെന്ന് ഐആര്‍സിടിസി അറിയിച്ചു.
- Advertisement -
ഐആര്‍സിടിസി തീരുമാനം ഹിന്ദു മതത്തിന്റെയും സംസ്‌കാരത്തിന്റെയും വിജയമാണെന്നും അവ്‌ദേശ്പുരി വ്യക്തമാക്കി. നവംബര്‍ ഏഴിനാണ് രാജ്യത്തെ ആദ്യത്തെ രാമായണ്‍ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ദില്ലിയിലെ സഫ്ദര്‍ഗഞ്ചില്‍ നിന്ന് തുടങ്ങി ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലുമായി 17 ദിവസമാണ് യാത്ര. 7500 കിലോമീറ്ററാണ് യാത്ര. രാമേശ്വരം, ഹംപി, നാസിക്, സീതാമാര്‍ഹി, ചിത്രകൂട്, ജാനക്പുര്‍, നന്ദിഗ്രാം, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
- Advertisement -