Ultimate magazine theme for WordPress.

സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു; കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം

0

കണ്ണൂര്‍: ഇന്ന് കാലാവധി അവസാനിക്കുന്ന കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം. സർക്കാരിന്‍റെ ശുപാർശ പരിഗണിച്ച് വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ടാണ് ഗവർണ്ണർ പുനർനിയമനം അംഗീകരിച്ചത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനർനിയമനം നൽകുന്നത്. കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയ നിയോഗിച്ചിരുന്നു.

നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്കുള്ള പുനർനിയമനം നല്‍കിയിരിക്കുന്നത്.  അതേസമയം 60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവ്വകലാശാല ചട്ടം മറികടന്നുള്ള നിയമനമെന്നാണ് പരാതി. കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തെന്ന പരാതി നിലനിൽക്കെ വിസിക്ക് പുനർനിയമനത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് ആരോപണം. എന്നാല്‍ പുനർനിയമനത്തിന് പ്രായപരിധി പ്രശ്‍നമല്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസി നിയമനമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. പുനർനിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നത്.

- Advertisement -

അതേസമയം കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വ‍ർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തില്‍ ഇടപെട്ട് ഗവർണ്ണർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം തേടി. പ്രിയ വർഗീസിന്റെ നിയമനത്തിൽ അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ വിഷയത്തിൽ വിസിയോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അധ്യാപന രംഗത്ത് 27 വർഷമായി തുടരുന്ന എസ്ബി കോളേജ് എച്ച് ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പ്രിയയ്ക്ക് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നൽകിയത്. റിസർച്ച് പേപ്പറുകളും ലേഖനങ്ങളുമായി 150 ലേറെ പ്രസിദ്ധീകരണങ്ങളും ആറ് പുസ്തകങ്ങളും കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര ഫെല്ലോഷിപ്പ് ഇവയൊക്കെ ഉണ്ടെങ്കിലും അഭിമുഖത്തിൽ പ്രിയ വർഗീസിനോളം ജോസഫ് സ്കറിയ ശോഭിച്ചില്ല എന്നാണ് വൈസ്ചാൻസിലര്‍ ഉൾപ്പടെയുള്ള പാനലിന്റെ നിലപാട്.

- Advertisement -

Leave A Reply

Your email address will not be published.