Ultimate magazine theme for WordPress.

സഞ്ജിത്ത് കൊലപാതകം; കൊലയാളികൾ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി

0

പാലക്കാട്: പാലക്കാട്ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ  കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്തി.  പൊള്ളാച്ചിയിലേക്കാണ് വാഹനം കടത്തിയത്. മൂന്ന് ദിവസം മുൻപാണ് കാർ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനം പൊളിച്ചു. പൊളിച്ച വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതായാണ് സൂചന. വാഹനത്തിൻ്റെ നമ്പർ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയൽ പരേഡ് അടക്കം നടത്താനുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത.

- Advertisement -

അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. തെളിവെടുപ്പിനുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് ഇയാൾ.

ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്‍റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോള്‍ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്‍ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.