ദുബായ്: കാവൽ നിരാലംബരായ സ്ത്രീകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാകുമെന്ന് നടനും എം.പി.യുമായ സുരേഷ് ഗോപി. ദുബായിൽ കാവൽ റിലീസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിന് ഇരയാകുന്നവരെയെല്ലാം സംരക്ഷിക്കാനായില്ലെങ്കിലും ഇവർക്കെല്ലാം കാവലായി ഉണ്ടാകണമെന്ന് ആഗ്രഹം. കാവൽ സിനിമ റിലീസിന് തിയേറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയായിരുന്നു.
എല്ലാത്തരം ആളുകൾക്കും ഒരുപോലെ കാണാനായാണ് തിയേറ്ററിൽതന്നെ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. തിയറ്ററുകളോടൊപ്പം ഒ.ടി.ടി.യിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചുരുളിയിലെ സംഭാഷണങ്ങൾ വിവാദമായതിനെക്കുറിച്ച് പറയാൻ താൻ ആളല്ലെന്ന് കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ പറഞ്ഞു. കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കുമിത്.
- Advertisement -
കേരളത്തോടൊപ്പം വ്യാഴാഴ്ചയാണ് കാവൽ ഗൾഫിൽ റിലീസാവുക. നായിക റേച്ചൽ ഡേവിഡ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് എം.ഡി. അബ്ദുൽ സമദ്, ഗുഡ് വിൽ എന്റർടൈൻമെന്റ് പ്രൊഡക്ഷൻ ഫിനാൻസ് കൺട്രോളർ ശ്രാവൺ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രതിനിധി രാജൻ വർക്കല എന്നിവരും സംബന്ധിച്ചു.
- Advertisement -