Ultimate magazine theme for WordPress.

സംസ്ഥാനത്ത് ലഘു മേഘസ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്നും കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും കാലവസ്ഥാ ഗവേഷകര്‍

0

കൊച്ചി: സംസ്ഥാനത്ത് ലഘു മേഘസ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്നും കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും കാലവസ്ഥാ ഗവേഷകര്‍. കുസാറ്റില്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ (ഇന്‍ട്രോമേറ്റ്–-21), അമേരിക്കയിലെ ഫ്ലോറിഡ മിയാമി സര്‍വകലാശാലയിലെ പ്രൊഫ. ബ്രയാന്‍ മേപ്സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളതീരത്തെ അസാധാരണ താപവ്യാപനത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണം.

 

അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 1980നുശേഷം പരമാവധി 29 ഡിഗ്രി എന്നതില്‍നിന്ന് 30ന് മുകളിലേക്ക് ഉയര്‍ന്നു. തെക്കുകിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാള്‍ ഒന്നരമടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഏറ്റവും അധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്. ഇതുമൂലം കേരളതീരത്ത് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകാം. കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘു മേഘ വിസ്ഫോടനംപോലെയുള്ളവയ്ക്ക് കാരണം ഈ അധിക താപനമാണ്. മേഘക്കൂട്ടങ്ങള്‍ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോയായ മഴ പെയ്യുമെന്നും പ്രബന്ധത്തില്‍ പറയുന്നു.

 

- Advertisement -

പ്രൊഫ. ബ്രയാന്‍ മേപ്സും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് അഭിലാഷും ചേര്‍ന്നാണ് പഠനം നടത്തിയത്. കുസാറ്റിലെ ഡോ. പി വിജയകുമാര്‍, ബേബി ചക്രപാണി, പ്രൊഫ. കെ മോഹന്‍കുമാര്‍, ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. ഒ പി ശ്രീജിത് എന്നിവരും പഠനത്തില്‍ പങ്കാളിയായിരുന്നു.

 

ഇന്‍ട്രൊമെറ്റില്‍ ബുധനാഴ്ച പ്രൊഫ. എ ജയരാമന്‍, ഡോ. രാധിക രാമചന്ദ്രന്‍, ഡോ. രൂപ കുമാര്‍ കോലി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കാലാവസ്ഥയില്‍ സമുദ്രത്തിന്റെ പങ്ക്, മാറുന്ന കാലാവസ്ഥയിലെ ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് വ്യാഴാഴ്ചത്തെ പ്രബന്ധാവതരണം. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും.

- Advertisement -

Leave A Reply

Your email address will not be published.