ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുല്‍മൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളില്‍ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാള്‍. ഫുട്‌ബോള്‍ മൈതാനത്തെ ഓരോ പുല്‍നാമ്പുകളെ പോലും ത്രസിപ്പിച്ചിരുന്ന ഡീഗോ അര്‍മാന്‍ഡോ മാറഡോണ അരങ്ങൊഴിഞ്ഞിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുകയാണ്.
2020 നവംബര്‍ 25-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിക്വെ ലുയാനിലെ ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2020 നവംബര്‍ ആദ്യവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു.
- Advertisement -
1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിലായിരുന്നു പില്‍ക്കാലത്ത് ഫുട്‌ബോള്‍ മൈതാനങ്ങളിലെ ആരവങ്ങളെ ഒന്നാകെ തന്നിലേക്കാവാഹിച്ച മാറഡോണയുടെ ജനനം. ഡോണ്‍ ഡീഗോ – ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ. റോമന്‍ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാറഡോണയുടെ പേരിലെ അര്‍മാന്‍ഡോ എന്ന ഭാഗത്തിന്റെ അര്‍ഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.
ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ആ ടൗണിലെ ഏറ്റവും ദരിദ്രരായ കുടുംബം. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന് മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന ആ കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
ഫുട്‌ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ആ പന്ത് മറ്റാരും എടുക്കാതിരിക്കാന്‍ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. എപ്പോഴും പന്തും കൊണ്ട് നടക്കുന്ന അവനെ പഠിത്തമടക്കമുള്ള മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കാനായി അമ്മ ഡാല്‍മ ചീത്ത പറയുന്നതും പതിവായിരുന്നു. പലപ്പോഴും ആ പന്ത് അവരെടുത്ത് ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യും. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. ഒടുവില്‍ അവര്‍ക്ക് മനസിലായി ഫുട്‌ബോളാണ് അവന്റെ ജീവിതമെന്ന്.
ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്‌ബോള്‍ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന ‘ലിറ്റില്‍ ഒനിയനി’ലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞന്‍ മാറഡോണ ടീമിലെത്തിയ ശേഷം തുടര്‍ച്ചയായ 140 മത്സരങ്ങളാണ് ലിറ്റില്‍ ഒനിയനിയന്‍ ജയിച്ചുകയറിയത്. അവന്റെ അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളുമെല്ലാം തന്നെ കുഞ്ഞ് മാറഡോണയെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.
തന്നേക്കാള്‍ പ്രായം കൂടിയവരുടെ കൂടെ കളിക്കുന്ന കുട്ടിയുടെ അസാമാന്യമായ കഴിവ് ശ്രദ്ധയില്‍പ്പെട്ട ബണസ് ഐറിസിലെ ഒരു ന്യൂസ് ഔട്ട്‌ലെറ്റ് അവനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പക്ഷേ അന്ന് അവന്‍ മാറഡോണയുടെ പേര് തെറ്റിച്ചാണ് കൊടുത്തത്. കാറഡോണ എന്ന്. എന്നിരുന്നാലും അതോടെ അവന്റെ തലവര മാറി.
12-ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ടീമിലേക്ക്. അങ്ങനെ 1976-ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. 2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനില്‍ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
പിന്നീട് 1977-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978-ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ മാറഡോണ കുറിച്ചു.
അതേ വര്‍ഷം തന്നെ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മാറഡോണ, അര്‍ജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്.
- Advertisement -