കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.
ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നതോടെ പോലീസ് വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതിനിടെ പോലീസിനുനേരെ കല്ലേറുമുണ്ടായി.
- Advertisement -
മരണത്തില്‍ ആരോപണ വിധേയനായ സി.ഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എംപി തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ അണിനിരന്നു.
മൊഫിയയുടെ മരണത്തില്‍ കഴിഞ്ഞി ദിവസം ആലുവ പോലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ബെന്നി ബഹനാന്‍ എം.പി.യുടെയും അന്‍വര്‍ സാദത്ത് എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ ആലുവ പോലീസ് സ്റ്റേഷനില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ഈ പ്രതിഷേധം തുടരുകയാണ്.
അതിനിടെ, മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചര്‍ച്ചയില്‍ സി.ഐ. സി.എല്‍. സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച രാത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐ.ക്ക് ക്ലീന്‍ ചിറ്റാണ് ഡിവൈ.എസ്.പി. നല്‍കിയത്. എന്നാല്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി. കെ. കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
- Advertisement -