Ultimate magazine theme for WordPress.

വിലക്കയറ്റത്തിനു ‘തട’: പായ്ക്കിങ് ചാർജും നൽകണം; സപ്ലൈകോയിൽ വിലവർധന, ഭക്ഷ്യവകുപ്പിന്റെ ഇരുട്ടടി നാളെ മുതൽ, പായ്ക്കറ്റ് ഇനങ്ങൾക്ക് ആറര രൂപ വരെ വിലവർധിക്കും

0

 

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റത്തിനു തടയിടാനുള്ള മാർഗമായി സർക്കാർ വിശേഷിപ്പിക്കുന്ന സപ്ലൈകോയിൽ പായ്ക്കറ്റ് ഉത്പന്നങ്ങൾക്കു നാളെ മുതൽ വില വർധിക്കും. പായ്ക്കിങ് ചാർജ് ഇനത്തിലാണു സർക്കാരിന്റെയും ഭക്ഷ്യവകുപ്പിന്റെയും വകയായുള്ള ഇരുട്ടടി. ഒട്ടുമിക്ക പായ്ക്കറ്റ് ഇനങ്ങൾക്കും ഒരു രൂപ മുതൽ ആറര രൂപ വരെയാകും വർധിക്കുക.

- Advertisement -

ഒരു കിലോയുടെയും അരക്കിലോയുടെയും എല്ലാ പായ്ക്കറ്റുകൾക്കും രണ്ടു രൂപയാണു പായ്ക്കിങ് ചാർജായി ഈടാക്കുക. മല്ലി, മുളക് എന്നിവയുടെ കാൽക്കിലോ പാക്കറ്റുകൾക്കും രണ്ടു രൂപയാണു പായ്ക്കിങ് ചാർജ്. ജീരകം, മേത്തി, കടുക് എന്നിവയുടെ 50 ഗ്രാം പായ്ക്കറ്റിന് ഒരു രൂപയും മറ്റിനങ്ങളുടെ അരക്കിലോയിൽ താഴെയുള്ളവയ്ക്ക് ഒന്നര രൂപയും പായ്ക്കിങ് ചാർജ് നൽകണം. അഞ്ചു കിലോ അരിയുടെ പായ്ക്കറ്റിന് മൂന്നര രൂപയും പത്തു കിലോയുടേതിന് ആറര രൂപയുമാണു പായ്ക്കിങ് ചാർജായി ഈടാക്കുക.

ഇതു സംബന്ധിച്ചുള്ള സപ്ലൈകോ മാർക്കറ്റിങ് അഡീഷണൽ ജനറൽ മാനേജരുടെ അടിയന്തര ഉത്തരവ് ഇന്നലെ എല്ലാ റീജണൽ, ഡിപ്പോ മാനേജർമാർക്കും ലഭിച്ചു. പലയിനങ്ങളുടെയും ഒരു കിലോയ്ക്കും അരക്കിലോയ്ക്കും രണ്ടു രൂപയാണു പായ്ക്കിങ് ചാർജ്. ഒരു കിലോ പായ്ക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അരക്കിലോയുടെ രണ്ടു പായ്ക്കറ്റ് എടുത്താൽ നാലു രൂപ നൽകേണ്ടി വരും. പ്രതിഷേധമുണ്ടാകുമെന്നു തിരിച്ചറിഞ്ഞതിനാൽ ഒരു കിലോയുടെ പരമാവധി പായ്ക്കറ്റ് ലഭ്യമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

മല്ലി അരക്കിലോയ്ക്ക് രണ്ടു രൂപയാണു പായ്ക്കിങ് ചാർജ്. ആവശ്യക്കാരേറെയുള്ള കാൽക്കിലോ പായ്ക്കറ്റിനും ഇത്രതന്നെയാണു ചാർജ്. വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനത്തിന് സപ്ലൈകോയുടെ പുതിയ തീരുമാനം അധിക ബാധ്യതയാകും. നവംബറിലെ ടെൻഡർ നടപടികൾ വൈകിപ്പിച്ചതുമൂലം സബ്സിഡിയുള്ള 13 ഇനങ്ങളടക്കം പലതും കിട്ടാനില്ല.

സാധനങ്ങൾക്കു നിലവാരമില്ലെന്ന പതിവു പരാതിക്ക് ഒരു പരിഹാരവുമുണ്ടായിട്ടില്ല. നിലവാരം കുറവായതിനാൽ ഉഴുന്ന് അടക്കം പല സാധനങ്ങളും കൂടുതൽ അളവിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. സബ്സിഡി മൂലമുള്ള ലാഭം ഇതോടെ ഇല്ലാതാകും.

 

 

- Advertisement -

Leave A Reply

Your email address will not be published.