Ultimate magazine theme for WordPress.

‘നഷ്ടമായത് ധീരസൈനികനെ’; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യുമന്ത്രി

0

തൃശ്ശൂർ: കൂനൂരിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ (A Pradeep) വീട് റവന്യു മന്ത്രി കെ രാജൻ (K Rajan) സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായത്. മരണ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. എല്ലാ ബഹുമതികളോടെയും സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

പ്രദീപിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് തൃശൂർ പൊന്നുകര ഗ്രാമം. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായത്.

- Advertisement -

തൃശ്ശൂരിലെ വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്.

 

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

 

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം.

- Advertisement -

Leave A Reply

Your email address will not be published.