Ultimate magazine theme for WordPress.

യൂണിസെഫുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം എന്നും സന്നദ്ധം – സ്പീക്കർ

0

 

 

യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി, മോണിറ്ററിങ് ആന്റ് ഇവാല്വേഷന്റെ ചീഫ് ആയ ഹ്യൂൻ ഹീ ബാൻ, ബഹു. നിയമസഭാ സ്പീക്കർ ശ്രീ.എം.ബി രാജേഷുമായി കൂടികാഴ്ച നടത്തി.

- Advertisement -

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സോഷ്യൽ പോളിസി ചീഫ്, ശ്രീ.കെ.എൽ റാവുവും മിസ്. ബാനിനോടൊപ്പം സ്പീക്കറെ സന്ദർശിച്ചു.

നിയമസഭാ സെക്രട്ടേറിയറ്റിൽ വച്ച് നടന്ന യോഗത്തിൽ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ശ്രീ. ആർ.കിഷോർ കുമാർ, കെ ലാംപ്സ് ചുമതല വഹിക്കുന്ന നിയമസഭാ അഡീഷണൽ സെക്രട്ടറി ശ്രീമതി മഞ്ജു വർഗീസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തും വിധം സാമൂഹ്യ നീതിക്കായുള്ള നൂതനമായ ഒരു പഞ്ചവത്സര സാമൂഹ്യ പദ്ധതി വിഭാവനം ചെയ്യുകയാണ് യൂനിസെഫ് ഇന്ത്യ.

മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നും 286 ദശലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് ബാധിച്ചിട്ടുണ്ട് എന്നും മിസ്. ബാൻ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്ത് കേരളം ഡിജിറ്റൽ പഠന സാധ്യതകൾ വിജയകരമായി ഉപയോഗിച്ചു.

ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അതിന് അനുകൂലമല്ല.

പ്രതിരോധ കുത്തിവയ്പുകൾ, ആരോഗ്യം, ശരിയായ ഭക്ഷണം, ജലലഭ്യതയും ശുചീകരണവും തുടങ്ങിയ കാര്യങ്ങൾക്കും യൂണിസെഫ് പ്രാധാന്യം കല്പിക്കുന്നതായി അവർ പറഞ്ഞു.

സ്റ്റേറ്റ് ബഡ്ജറ്റിൽ ചൈൽഡ് ബഡ്ജറ്റ്, ജെൻഡർ ബഡ്ജറ്റ് എന്നിങ്ങനെ ധനവിഹിതം വകയിരുത്തേണ്ടതുണ്ടെന്നും ഹ്യൂമൻ കാപിറ്റലിന് ഇൻവെസ്റ്റ് ചെയ്യാൻ മടിച്ചാൽ ഭാവിപുരോഗതിയെ ബാധിക്കുമെന്നും മിസ്. ബാൻ അഭിപ്രായപ്പെട്ടു.

കേരള മോഡൽ വിദ്യാഭ്യാസം പല രാജ്യങ്ങളും അനുവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ കോവിഡാനന്തര മാനസികാരോഗ്യത്തിനും കൗമാരപ്രായക്കാരുടെ മാനസിക ആരോഗ്യത്തിനും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട് എന്ന് അവർ കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തിലും വിദ്യാഭ്യാസത്തിലും ആഘാതമേൽപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതാണെന്നും അത് പരിഹരിക്കുന്നതിൽ കൂടുതൽ ഇടപെടൽ ആവശ്യമാണ് എന്ന് ബഹു. സ്പീക്കർ ശ്രീ.എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ബോധവല്‍ക്കരണത്തിനായുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍‌ യുനിസെഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

സ്ത്രീകളുടെ വോട്ടവകാശം തിരുവിതാംകൂറില്‍ 1920 ല്‍ തുടക്കം കുറിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിനു ശേഷമാണ് അമേരിക്കയിലെ സ്ത്രീകള്‍ക്ക് അത് ലഭ്യമായത്. നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ശക്തമായ പാരമ്പര്യവും സര്‍ക്കാരുകളുടെ ബോധപൂര്‍വ്വമായ ഇടപെടലുകളും നിയമനിര്‍മ്മാണങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് തുല്യത കൈവരിക്കാന്‍ കേരളത്തെ സഹായിച്ചു.

യൂണിസെഫും നിയമസഭയുടെ സി.പി.എസ്.ടി വിഭാഗവും തമ്മിലുള്ള സഹകരണത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട് നിയമസഭയുടെ കെ. ലാംപ്സ് വിഭാഗത്തിന് യൂണിസെഫ് ഇന്ത്യയുമായി ചേർന്ന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ബഹു. സ്പീക്കർ പറഞ്ഞു.

സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനത്തിൽ തന്നെ ഇത്തരം കൂടിക്കാഴ്ച സാധ്യമായതിൽ സ്പീക്കർ സന്തോഷം പ്രകടിപ്പിച്ചു. യൂണിസെഫിന്റെ സ്ഥാപകദിനവുമാണ് ഇന്ന്.

ഓരോ കുട്ടിക്കും ശാരീരകവും മാനസികവുമായ ആരോഗ്യവും സ്വതന്ത്രമായ വിദ്യാഭ്യാസവും അവസര സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കാൻ കേരള നിയമസഭയോടൊപ്പം യൂണിസെഫ് ഇന്ത്യ കൈകോർക്കുമെന്ന് ഹ്യൂൻ ഹി ബാന്‍, ബഹു. സ്പീക്കർ ശ്രീ.എം.ബി.രാജേഷിന് ഉറപ്പ് നൽകി.

- Advertisement -

Leave A Reply

Your email address will not be published.