പാലക്കാട്: പാലക്കാട് ലക്കിടി റയില്‍വേ ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. കാറിന്‍റെ ഉള്‍വശം തകര്‍ത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. കുഴൽപ്പണ സംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ലക്കിടി റെയില്‍വേ ഗേറ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാരുതി എര്‍ട്ടിഗ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഒറ്റപ്പാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
- Advertisement -
കാറിന്‍റെ ഉള്‍വശം തകര്‍ത്ത നിലയിലായിരുന്നു. ഡാഷ് ബോര്‍ഡ് മുഴുവനായും കുത്തിപ്പൊളിച്ചിട്ടുണ്ട്. കാറിനകത്ത് മുളകുപൊടിയും വിതറിയിട്ടുണ്ട്. പരിശോധനകൾ നടത്തിയാലും ഒന്നും കണ്ടെത്താതിരിക്കാനാണെന്ന് വ്യക്തം.
കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും സ്ക്രൂ ഡ്രൈവറും കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം – മങ്കട കൂട്ടിൽ ഉള്ളാട്ടുപാറ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഒറ്റപ്പാലം, പട്ടാമ്പി മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കുഴല്‍പ്പണ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. കുഴൽപ്പണ സംഘം സഞ്ചരിച്ച കാർ അജ്ഞാതർ തട്ടിയെടുത്ത് ലക്കിടിയിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പണം കടത്ത് സംഘത്തില്‍ നിന്ന് കാര്‍ തട്ടിയെടുത്ത് ഉപേക്ഷിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വാഹനത്തിൽ പരിശോധന നടത്തി.
പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളില്‍ രണ്ടു പേര്‍ കാറില്‍ നിന്നിറങ്ങി പോകുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
- Advertisement -