Ultimate magazine theme for WordPress.

കുറുക്കൻമൂലയിൽ നാട്ടുകാർക്കെതിരെ കത്തിയെടുത്ത വനപാലകനെതിരെ കേസെടുത്തു

0

മാനന്തവാടി: കുറുക്കൻമൂലയിൽ  കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ  കേസെടുത്തു. കടുവ ട്രാക്കിംങ് ടീം  അംഗമായ ഹുസ്സൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ്  കേസെടുത്തത്.

പ്രദേശവാസികളും വനപാലകരും തമ്മിൽ കഴിഞ്ഞ ദിവസം അവിടെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് ഹുസ്സൈൻ അരയിൽ കരുതിയ കത്തിയെടുക്കാൻ ശ്രമിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വലിയ വിവാദമായി മാറിയിരുന്നു. പുതിയിടം പുളിക്കൽ പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതിയിലാണ് പൊലീസ് ഹുസ്സൈൻ കൽപ്പൂരിനെതിരെ കേസെടുത്തിരിക്കുന്നത്.  തടഞ്ഞുവെച്ച് മർദിച്ചതിനാണ് കേസെടുത്തത്.

- Advertisement -

നേരത്തെ വനപാലകസംഘവും നാട്ടുകാരുമായി സംഘർഷമുണ്ടായ സംഭവത്തിൽ വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരുന്നു. വിപിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു.

അതേസമയം കുറുക്കന്മൂലയിലെ ജനവാസ മേഖലയിൽ ഇന്നും കടുവയെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. രണ്ട് ദിവസമായി പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ തമ്പടിച്ച കടുവയാണ് വീണ്ടും കുറുക്കന്മൂലയിലേക്ക് എത്തിയത്. ഇന്ന് രാവിലെ 8 മണിയോടെയാണ് നാട്ടുകാർ കടുവയുടെ കാൽപാടുകൾ കണ്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വനമേഖലയിലേക്കാണ് കടുവ കടന്നത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിസരമാകെ വളഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂന്ന് ദിവസമായി കടുവ വളർത്തു മൃഗങ്ങളെ കൊന്നിട്ടില്ല. ഇരുപത് ദിവസമായി ജനവാസമേഖലയിൽ ചുറ്റിനടക്കുന്ന കടുവയെ ഇനിയും പിടിക്കാനാവത്തതിൽ വലിയ ജനരോഷമാണ് നിലനിൽക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഉത്തരമേഖല സിസിഎഫ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.