കോവിഡ് മഹാമാരി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ലോകം മുഴുവന്‍ ആശങ്ക കൂട്ടിക്കൊണ്ടിരിക്കുകയാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍. എന്നാല്‍ ഇപ്പോള്‍ പുതിയൊരു രോഗത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ഫ്‌ളൂറോണ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇസ്രായേലില്‍ ആണ് ഫ്‌ളൂറോണയെ തിരിച്ചറിഞ്ഞത്. കോവിഡ് 19, ഇന്‍ഫ്‌ളുവന്‍സ എന്നീ രണ്ട് രോഗങ്ങള്‍ കൂടിച്ചേര്‍ന്ന പുതിയ രോഗമാണ് ഫ്‌ളൂറോണ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ല ഫ്‌ളൂറോണ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മധ്യ ഇസ്രായേലിലെ പെറ്റാടിക്വ നഗരത്തില്‍ ഗര്‍ഭിണിയായ യുവതിയിലാണ് ചെറിയ ലക്ഷണങ്ങളോടുകൂടി ഈ പുതിയ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ഫ്‌ളൂവിന്റെയും കൊറോണ വൈറസിന്റെയും സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും പരിശോധിച്ചെങ്കിലും രണ്ട് ടെസ്റ്റുകളും പോസിറ്റീവായിരുന്നുവെന്ന് ബെയ്‌ലിന്‍സന്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡയറക്ടര്‍ ആര്‍നോന്‍ വിഹ്നിസ്റ്റര്‍ പറഞ്ഞു. വൈറല്‍ ലക്ഷണങ്ങളും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ലക്ഷണവുമാണ് ഇവരില്‍ കണ്ടെത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
- Advertisement -
കോവിഡ് വാക്‌സിനോ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനോ ഇവര്‍ സ്വീകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രോഗിയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കിയിട്ടുണ്ട്.
രണ്ട് വൈറസുകളും ഒന്നിച്ച് ബാധിക്കുന്നത് ന്യൂമോണിയ, ശ്വാസകോശ സങ്കീര്‍ണതകള്‍, മയോകാര്‍ഡിറ്റിസ് തുടങ്ങിയ നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൃത്യമായി ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ ഇത് നയിച്ചേക്കാം. ഒരു ‘ട്വിന്‍ഡെമിക്’ (Twindemic) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കോവിഡും ഫ്‌ളൂവും ബാധിച്ച രോഗികള്‍ കൂട്ടത്തോടെ ആശുപത്രിയിലെത്താനും ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് വൈറസുകളും ഒന്നിച്ചു ചേര്‍ന്നുള്ള രോഗം കൂടുതല്‍ ഗുരുതരമായേക്കാമെന്ന് ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിലെ ആരോഗ്യമന്ത്രാലയം പറയുന്നു. രാജ്യത്തെ ഫ്‌ളൂ കേസുകളില്‍ ആശങ്കയുയര്‍ത്തുന്ന രീതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
പ്രതിരോധം
കോവിഡിന്റേതിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഫ്‌ളൂറോണയുടേതും. ഉയര്‍ന്ന ശരീരതാപനില, മണവും രുചിയും നഷ്ടമാകല്‍, കടുത്ത ചുമ, തൊണ്ട വേദന, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. സാമൂഹിക അകലം പാലിക്കല്‍, രോഗമുള്ളവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയല്‍, കൈകള്‍ വൃത്തിയായി കഴുകല്‍, മൂക്കിലും കണ്ണിലും വായിലും തൊടാതിരിക്കല്‍, നല്ല ആരോഗ്യശീലങ്ങള്‍ പാലിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
കരുതല്‍ നടപടികളുടെ ഭാഗമായി ഇസ്രായേല്‍ സര്‍ക്കാര്‍ എല്ലാവരും ഫ്‌ളൂ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നാലാം ഡോസ് കോവിഡ് വാക്‌സിന്‍
ഒമിക്രോണ്‍ വകഭേദത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധത്തിന്റെ പുതിയ പാളിയെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ഈ നാലാം ഡോസ് കോവിഡ് വാക്‌സിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞയാഴ്ച 31 വയസ്സുകാരിയായ ഒന്‍പത് മാസമായ ഒരു ഗര്‍ഭിണി ഇന്‍ഫ്‌ളുവന്‍സയുടെ സങ്കീര്‍ണതകളെത്തുടര്‍ന്ന് മരിച്ചിരുന്നു. കുഞ്ഞിനെ സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുക്കാനായിരുന്നു. കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളില്‍ ഒന്നും ഫ്‌ളൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും എന്നാല്‍ ഇന്ന് കോവിഡ് കേസുകളും ഫ്‌ളൂ കേസുകളും കണ്ടുതുടങ്ങിയതായി ആര്‍നോന്‍ വിഹ്നിസ്റ്റര്‍ പറഞ്ഞു.
ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇസ്രായേലിലും ഒമിക്രോണ്‍ കേസുകള്‍ കൂടിവരുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഒമിക്രോണ്‍ മൂലം ആരോഗ്യസംവിധാനം തകരുമെന്ന് ഇസ്രയേല്‍ ആര്‍മിയുടെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞയാഴ്ച 1849 പൗരന്‍മാര്‍ ഫ്‌ളൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരില്‍ 605 കുട്ടികളും 124 ഗര്‍ഭിണികളും നവജാതശിശുക്കളുടെ അമ്മമാരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 30 ന് ഇസ്രായേലിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000 ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- Advertisement -