Ultimate magazine theme for WordPress.

യുക്രൈൻ രക്ഷാദൗത്യത്തിന് വ്യോമസേന ഇറങ്ങുന്നു, ഇന്ത്യക്കാ‍ർ അടിയന്തരമായി കീവ് വിടണമെന്ന് എംബസി

0

ദില്ലി​/കീവ്: റഷ്യൻ സൈന്യം യുക്രൈൻ അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുത​ഗതിയിലാക്കി കേന്ദ്രസ‍ർക്കാർ. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നി‍ർദേശം നൽകി. വ്യോമസേനയുടെ ട്രാൻസ്പോ‍ർട്ട് വിമാനങ്ങളെ ഉപയോ​ഗിച്ച് യുക്രൈൻ ഒഴിപ്പിക്കൽ അതിവേ​ഗത്തിലാക്കാനാണ് കേന്ദ്രസ‍ർക്കാരിൻ്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോ​ഗിക്കുക. യുക്രൈനും യുക്രൈൻ അഭയാ‍ർത്ഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

മരുന്നുകളും മറ്റു സാമാ​ഗ്രഹികളും കൈമാറാൻ സി17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയക്കുന്നുണ്ട്. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയ‍ർലൈൻ കമ്പനികളായ എയർഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡി​ഗോ എന്നീ വിമാനക്കമ്പനികൾ യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സ‍ർവ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സർവ്വീസുകൾ കൂടി ഈ കമ്പനികൾ നടത്തും

- Advertisement -

ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവ്വീസ്. ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികളെ ഉപയോ​ഗിച്ച് മാത്രം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രം​ഗത്ത് ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിൽ നിന്ന് അവസാന നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായുള്ള സി 17 വിമാനങ്ങൾ യുക്രൈനിലേക്ക് പോകാൻ തയ്യാറാക്കി കഴിഞ്ഞു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയെന്നും വ്യോമസേന വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി പൗരൻമാരോട് ആവശ്യപ്പെട്ടു.  വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ന് അടിയന്തിരമായി കൈവ് വിടണം എന്നാണ് എംബസി പുറത്തു വിട്ട നി‍ർദേശം. ട്രെയിനുകൾ വഴിയോ മറ്റു ഏതെങ്കിലും വഴിയോ തലസ്ഥാനത്തിന് പുറത്ത് എത്താൻ നിലവിൽ കീവിലുള്ള എല്ലാ പൗരൻമാരും ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.