പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്ട് ഇന്നു ചേരുന്ന സമാധാനയോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. സ്പീക്കര്‍മാര്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കുന്നില്ലെന്ന് എംബി രാജേഷ് അറിയിച്ചത്. നേരത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയിരുന്നത്.
സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ലെന്ന് രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.
- Advertisement -
യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നതായും എംബി രാജേഷ് പോസ്റ്റില്‍ പറഞ്ഞു.
- Advertisement -