Ultimate magazine theme for WordPress.

സ്‌റ്റേ ലംഘിച്ചും ഇടിച്ചുനിരത്തല്‍, പ്രതിഷേധം; വീണ്ടും സുപ്രീം കോടതി ഇടപെടല്‍

0

ന്യൂഡല്‍ഹി: സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ തുടര്‍ന്ന് മുനിസിപ്പല്‍ അധികൃതര്‍. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉച്ചയോടെ പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ട സുപ്രീം കോടതി സ്‌റ്റേ ഉത്തരവ് അടിയന്തരമായി അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു.

- Advertisement -

രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ ഉത്തരവ് വന്നത്. കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. എന്നാല്‍ സ്‌റ്റേ ഉത്തരവ് മാധ്യമങ്ങളില്‍ വന്നതിനു ശേഷവും അധികൃതര്‍ പൊളിക്കല്‍ തുടരുകയായിരുന്നു.

ബുള്‍ഡോസറും ജെസിബിയും മറ്റും ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതിനിടെ ദുഷ്യന്ത് ദവെ പ്രശ്‌നം വീണ്ടും ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തിച്ചു. കോടതി ഉത്തരവ് വന്നിട്ടും പൊളിക്കല്‍ തുടരുകയാണെന്ന് ദവെ പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഇതെങ്ങനെ അനുവദിക്കാനാവുമെന്ന് ദവെ ചോദിച്ചു. തുടര്‍ന്ന് സ്‌റ്റേ ഉത്തരവ് അടിയന്തരമായി മുനിസിപ്പല്‍ അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ ചീഫ് ജസ്റ്റിസ് സുപ്രീം കോടതി സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി.

അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് രാവിലെ ദുവെ കോടതിയില്‍ പറഞ്ഞു. നോട്ടീസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പൊളിക്കല്‍ രാവിലെ ഒന്‍പതിനു തന്നെ തുടങ്ങി. കോടതി ഇടപെടല്‍ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു.

കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. ജയന്തി ഘോഷയാത്രയ്ക്കു നേരെ കല്ലേറും തുടര്‍ന്നു ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷവും അരങ്ങേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ബുള്‍ ഡോസറുകളും ജെസിബിയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയത്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹംഒരുക്കിയിരുന്നു. അഞ്ചു സെക്ടറുകളിലായി പൊലീസ് സേനയെ വിന്യസിച്ചു. അര്‍ധ സൈനിക വിഭാഗവും സജ്ജമാണ്. ഡ്രോണ്‍ കാമറ ഉപയോഗിച്ച് പൊലീസ് രംഗനീരക്ഷണം നടത്തി.

- Advertisement -

Leave A Reply

Your email address will not be published.