Ultimate magazine theme for WordPress.

‘ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം; നടപടി വേണം, അല്ലെങ്കില്‍ കാണാം’: വി ഡി സതീശന്‍

0

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം. പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. തന്റെ വാക്കുകള്‍ ഭീഷണിയായി വേണമെങ്കില്‍ കാണാം. ഇത്തരം അതിക്രമം വെച്ചുവാഴിക്കില്ല. പൊലീസ് കാടന്‍ രീതിയിലാണോ സമരത്തെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

- Advertisement -

കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. എത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയല്‍ നിയമലംഘനമെങ്കില്‍ ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടമാകുന്നവര്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലില്‍ ഉദ്യോഗസ്ഥര്‍ കരിച്ചാറയില്‍ കല്ലിടല്‍ നടപടികള്‍ക്കായി എത്തിയത്. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും അടക്കമുള്ള പ്രതിഷേധക്കാരുമെത്തി. സര്‍വേ ഉദ്യോഗസ്ഥരെയും പൊലീസിനെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ ഒരാള്‍ ബോധരഹിതനായി വീണു. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു പൊലീസുകാരന്‍ പ്രതിഷേധക്കാരെ ചവിട്ടിയത്. പ്രതിഷേധം രൂക്ഷമായതോടെ കല്ലിടല്‍ നടത്തിയില്ല.

- Advertisement -

Leave A Reply

Your email address will not be published.