മണ്ണിടിച്ചിലിലും ചുഴലിക്കാറ്റിലും അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നുകാരന്‍.
മണ്ണിടിച്ചിലും ചുഴലിക്കാറ്റും: ഫ്രിഡ്ജില്‍ അഭയംതേടി 11-കാരന്‍; അത്ഭുതകരമായ രക്ഷപ്പെടല്‍.
മനില (ഫിലിപ്പൈന്‍സ്): മണ്ണിടിച്ചിലില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്ന് വയസ്സുകാരന്‍. സി.ജെ ജാസ്‌മേ എന്ന ഫിലിപ്പൈന്‍ സ്വദേശിയായ ആണ്‍കുട്ടിയാണ് വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ അഭയം തേടി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മലയിടിച്ചിലില്‍ ജാസ്മേയുടെ വീട്ടില്‍ നിന്ന് ഒഴുകിപ്പോയ ഫ്രിഡ്ജ് ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
വെള്ളിയാഴ്ചയാണ് ഫിലിപ്പൈന്‍സിലെ ബേബേ സിറ്റിയില്‍ ശക്തമായ മണ്ണിടിച്ചിലും കാറ്റും ഉണ്ടായത്. വീടിന്റെ ഒരു ഭാഗത്തേക്ക് മണ്ണിടിച്ചില്‍ ഉണ്ടാവുന്നത് കണ്ട ജാസ്മേ ഉടന്‍ ഫ്രിഡ്ജിനകത്ത് അഭയം തേടി. ഇരുപത് മണിക്കൂറുകളോളമാണ് ഫ്രിഡ്ജിനുള്ളില്‍ ജാസ്‌മേ കഴിഞ്ഞത്. പിന്നീട് ചുഴലിക്കാറ്റിനും മണ്ണിടിച്ചിലിനും ശേഷം രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അപ്പേഴേക്കും കാറ്റിലും മണ്ണിടിച്ചിലിലും ജാസ്മേ അഭയം തേടിയ ഫ്രിഡ്ജ് തെന്നിമാറി വീടിന് സമീപത്തെ പുഴയ്ക്ക് സമീപം എത്തിയിരുന്നു.
- Advertisement -
ഫ്രിഡ്ജില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ ജാസ്‌മേയ്ക്ക് ബോധമുണ്ടായിരുന്നു. അവന്റെ കാലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് സ്‌ട്രെച്ചറില്‍ കിടത്തി അവനെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഓഫീസര്‍ ജോനാസ് എറ്റിസ് പറഞ്ഞു. ‘ എനിക്ക് വിശക്കുന്നു’ എന്നാണ് പുറത്തെടുക്കുമ്പോള്‍ ജാസ്‌മേ ആദ്യം പറഞ്ഞതെന്നും എറ്റിസ് പറഞ്ഞു.
ദുരന്തത്തിലകപ്പെട്ട ജാസ്‌മേയുടെ അമ്മയേയും ഇളയ സഹോദരനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സഹോദരനെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ അവന്‍റെ പിതാവ് ദുരന്തത്തില്‍ മരണപ്പെട്ടു. ജാസ്‌മേ അകപ്പെട്ട ദുരന്തത്തിന് തൊട്ടുമുന്‍പുള്ള ദിവസം സംഭവിച്ച മറ്റൊരു മണ്ണിടിച്ചിലിലാണ് അവന്റെ പിതാവ് മരണപ്പെട്ടത്.
ബേബേ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലും കാറ്റിലും 172 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
- Advertisement -