തൃക്കാക്കരയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസില്‍ കൂടുതല്‍ സ്വീകാര്യത വരുന്നത് മറ്റു ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു
കൊച്ചി: തൃക്കാക്കരയിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസില്‍ കൂടുതല്‍ സ്വീകാര്യത വരുന്നത് മറ്റു ഗ്രൂപ്പ് നേതാക്കളെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ചുനിര്‍ത്തി നേടിയ വിജയത്തില്‍ സതീശന്റെ നേതൃപാടവം പ്രധാനഘടകമായിരുന്നു. എല്ലാ നേതാക്കളുമായി ആശയവിനിമയം നടത്താനും സതീശന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് എ., ഐ. വിഭാഗങ്ങളിലുള്ള മുതിര്‍ന്ന നേതാക്കള്‍തന്നെ സതീശന്‍പക്ഷത്തേക്കു മാറുന്നതിനുള്ള ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്.
തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിലാണ് കൂടുതല്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. എ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവും യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായ ഡോമിനിക് പ്രസന്റേഷനെതിരേ എ വിഭാഗത്തിലെ പ്രധാനനേതാവായ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് ചേരിമാറ്റത്തിനുള്ള മുന്നൊരുക്കമായാണ് കാണുന്നത്. മുത്തലിബിനെ അനുകൂലിക്കുന്ന എ വിഭാഗം നേതാക്കളുമുണ്ട്.
- Advertisement -
തൃക്കാക്കരയില്‍ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലും ചേര്‍ന്ന അച്ചുതണ്ട് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന ആക്ഷേപം എ വിഭാഗം നേതാക്കള്‍ നേരത്തേത്തന്നെ പങ്കുവെച്ചിട്ടുള്ളതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഡോമിനിക് പ്രസന്റേഷന്റെ ഭാഗത്തുനിന്ന് സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരേ പ്രതികരണമുണ്ടായത്.
എ വിഭാഗം നേതാക്കളുടെ മനസ്സിലിരിപ്പ് ഡോമിനിക് പുറത്തുപറയുകമാത്രമാണ് ചെയ്തതെന്നാണ് നേതാക്കള്‍ സ്വന്തം ഗ്രൂപ്പുകാരോടു പറയുന്നത്. അതിനെ വലിയ കുറ്റമായിക്കണ്ട് എ വിഭാഗത്തിലെ ഒരു പ്രധാനനേതാവുതന്നെ രംഗത്തുവന്നത് ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള സതീശന്‍ വിഭാഗത്തിന്റെ നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ഐ വിഭാഗത്തിലെ കെ.സി. വേണുഗോപാല്‍ പക്ഷവും കെ. സുധാകരന്‍ വിഭാഗവും സതീശന്റെ അനുയായികളുമായി ഒന്നിച്ചുപോകാമെന്ന നിലപാടിലാണ്. എന്നാല്‍, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ അതൃപ്തരാണ്.
- Advertisement -