Ultimate magazine theme for WordPress.

നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

0

കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.

മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി കടകളില്‍ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകന്‍ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നു.

- Advertisement -

ശനിയാഴ്ച വൈകീട്ട് പുത്തന്‍നട എ.കെ.ജി. ജങ്ഷനുസമീപം താമസിക്കുന്ന സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലെത്തിയ ഈശ്വരി മക്കളെ അവിടെ നിര്‍ത്തിയശേഷം കൊല്ലത്തേക്ക് പോയി. ഇരവിപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരിയെ അറിയിച്ചു. ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.

ഒന്‍പതുമണിയോടെ അവര്‍ ഈശ്വരിയുടെ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അവരാണ് അകത്തെ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയില്‍ ഈശ്വരിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇതൊന്നുമറിയാതെ അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭാര്യയെ സംശയിച്ചിരുന്ന മുരുകന്‍ മുമ്പ് വയറ്റില്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഈശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

- Advertisement -

Leave A Reply