Ultimate magazine theme for WordPress.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

0

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തില്‍ ഇവരടക്കം മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തതെങ്കിലും മൂന്നാമത്തെയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സുനിത്ത് കുമാറാണ് ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നാമന്‍. മറ്റ് രണ്ടുപേര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നതിന്റെയും ഇവരെ ഇ.പി. ജയരാജന്‍ തള്ളിമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളാണ്. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് സുനിത്ത് അതിവേഗം പുറത്തിറങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാളെ തിരിച്ചറിയാന്‍ പോലീസിനും ആദ്യം കഴിഞ്ഞിരുന്നില്ല.

- Advertisement -

സുനിത്ത് തിരുവനന്തപുരം നഗരത്തില്‍തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും ഇ.പി.ജയരാജന്‍ ഇവരെ നേരിട്ടതുമെല്ലാം ഇന്റലിജന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.