കാസർകോട്; കാട്ടുപന്നിയെ വേട്ടയാടാനായി സ്ഥാപിച്ച തോക്കുകെണിയിൽ നിന്ന് വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ ചക്ക പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാധവൻ നമ്പ്യാർ ഇന്നലെ രാവിലെയാണ് മരിച്ചത്.
- Advertisement -
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് മറ്റൊരാളാണ് കെണി വച്ചിരുന്നത്. തോക്കിന്റെ കാഞ്ചിയിൽ ബന്ധിപ്പിച്ച ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലായിരുന്നു കെണി. ചക്ക പറിക്കുന്നതിനിടെ മാധവൻ നമ്പ്യാരുടെ കാൽ കെണിയിൽ തട്ടിയപ്പോൾ വെടിയേറ്റെന്നാണ് കരുതുന്നത്. മാധവൻ തന്നെയാണ് ഭാര്യയെ ഫോൺ വിളിച്ച് വെടിയേറ്റ വിവരം അറിയിച്ചത്. സമീപവാസികൾ ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെണി ഒരുക്കിയതായി സംശയിക്കുന്ന പനയാൽ ബട്ടത്തൂർ കരിമ്പാക്കാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം കരിച്ചേരി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
- Advertisement -