കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാർ. ഗോൾവാൾക്കർക്കെതിരായ പരാമർശത്തിനെതിരെയാണ് സംഘപരിവാർ രംഗത്തെത്തിയത്. സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. വിഡി സതീശൻ 2006ൽ ആർഎസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ഫെയ്സ്ബുക്കിൽ ബാബു ചോദ്യങ്ങളുമായി രംഗത്തെത്തിയത്.
- Advertisement -
അന്ന് ഗോൾവാൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുകയാണെന്നും ബാബു കുറിപ്പിൽ ആരോപിച്ചു.
മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഡി സതീശന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ അർഹിച്ച അവജ്ഞയോടെ നോട്ടീസ് തള്ളുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.
വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറിയിച്ചത്.
കുറിപ്പിന്റെ പൂർണ രൂപം
2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. ഉദരനിമിത്തം ബഹുകൃത വേഷം.
- Advertisement -