Ultimate magazine theme for WordPress.

കെ എസ് ആർ ടി സിയുടെ ഒരു ബസ് ഡിപ്പോ പോലും പൂട്ടില്ല: മന്ത്രി ആന്റണി രാജു

ആര്യനാട് കെ എസ് ആർ ടി സി വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു

0

 

 

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുന്നിടത്തോളം കേരളത്തിലെ ഒരു ബസ് ഡിപ്പോകളും പൂട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ ഒരു ഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും പൂട്ടില്ലെന്നും എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണത്തിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ഡിപ്പോയിലുമുള്ള ഓഫീസ് സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ക്രമീകരണത്തിൽ മാറ്റം വരുത്തും. നിലവിൽ 98 ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ഇത് അധിക ചെലവാണ്. അതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ഒരു ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വീതം ആക്കാൻ തീരുമാനിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രണ്ട് ഓഫീസ് സംവിധാനം ഉണ്ടാകും. വരുന്ന പതിനെട്ടാം തീയതി മുതൽ 98 ഓഫീസ് എന്നത് പതിനഞ്ചായി ചുരുക്കും. ഇതുമൂലം പൊതുജനങ്ങൾക്കോ ഡിപ്പോയിലെ പ്രവർത്തനങ്ങൾക്കോ യാതൊരു കോട്ടവും തട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആര്യനാട് കെ എസ് ആർ ടി സി വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

- Advertisement -

കൂടാതെ ദീർഘകാലമായി ഓടിക്കൊണ്ടിരുന്ന കാട്ടാക്കട -പള്ളിവേട്ട- മീനാങ്കൽ- വിഴിഞ്ഞം സർവീസ് പുനരാരംഭിക്കുവാനുള്ള നടപടി സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടയ്ക്ക് വരുമാനം കുറഞ്ഞതോടുകൂടി നിർത്തലാക്കിയ സർവീസ് ആയിരുന്നു ഇത്. പ്രദേശവാസികളുടെ നിരന്തര അഭ്യർത്ഥന മൂലവും ആളുകൾ ഏറെ ആശ്രയിക്കുന്നതും ട്രൈബൽ സ്കൂൾ ഉൾപ്പെടെയുള്ള മേഖലകളിൽ സ്പർശിച്ചു പോകുന്ന ഒരു പ്രധാനപ്പെട്ട സർവീസ് ആയതിനായാലും അടുത്ത തിങ്കളാഴ്ച മുതൽ ഇത് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതുപോലെ ഉൾഗ്രാമങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയുടെ വിജയത്തിന് തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ആർടിസിയുമായി കൈകോർക്കണമെന്നും മന്ത്രി അഭിപ്രായപെട്ടു. ഗ്രാമങ്ങളിൽ നടത്തുന്ന സർവീസിന്റെ ഇന്ധന ചെലവ് മാത്രം തദ്ദേശ സ്ഥാപനങ്ങൾ വഹിച്ചാൽ മതി. ബസിന് ലഭിക്കുന്ന പരസ്യത്തിന്റെ പണം ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങൾക്കു തന്നെ നൽകും. ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ്  പാറശ്ശാലയിൽ 29ന് നടക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

36 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് പൊതുജനങ്ങൾക്കായുള്ള ഇരുനില വിശ്രമ മന്ദിരം പണിതത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമൊരുക്കി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റേഷൻ മാസ്റ്റർക്ക് പുതിയ ഓഫീസ് റൂം എന്നിവ താഴത്തെ നിലയിലും, മുകളിലത്തെ നിലയിൽ ജീവനക്കാർക്കുള്ള വിശ്രമ മുറിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആര്യനാട് കെ എസ് ആർ ടി സി ഡിപ്പോ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം പി മുഖ്യാതിഥിയായ ചടങ്ങിൽ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദുലേഖ എസ്, ആര്യനാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എ, ജില്ലാ പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് ഡി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.