കാസര്‍കോട്: കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹവുമായി ബന്ധുക്കള്‍ നടന്നത് ഒന്നര കിലോമീറ്റര്‍. കാസര്‍കോട് പുളിങ്കൊഞ്ചി കോളനിയിലാണ് വീട്ടിലെത്താന്‍ വഴിയും പാലവും ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ മൃതദേഹുമായി ഒന്നര കിലോമീറ്റര്‍ നടന്നത്.
- Advertisement -
തിങ്കളാഴ്ചയാണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി എ ഗോപാലന്‍ (54) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ആംബുലന്‍സില്‍ മൃതദേഹം പെരുത്തടി കോളനി വരെ എത്തിച്ചെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റോഡില്ലായിരുന്നു.
പെരുത്തടിയില്‍ നിന്ന് ബന്ധുക്കള്‍ 1.5 കിലോമാറ്റര്‍ മൃതദേഹവുമായി നടന്നു. ഇതുവഴി ഒഴുകുന്ന അരുവിയില്‍ വാഹനം കടക്കാനുള്ള പാലമില്ല. ഇവിടെ 30ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പെരുത്തടിയിലാണ് റേഷന്‍ കടയും എല്‍പി സ്‌കൂളും അംഗനവാടിയുമുള്ളത്.
പെരുത്തടി വരെ മാത്രമേ ജീപ്പ് വരികയുള്ളു. ജീപ്പിലാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. കനത്ത മഴയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും സാധിക്കില്ലെന്ന് പഞ്ചായത്ത് മെമ്പര്‍ എന്‍ വിന്‍സന്റ് പറയുന്നു. പാലവും റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിന്‍സന്റ് വ്യക്തമാക്കി.
- Advertisement -