Ultimate magazine theme for WordPress.

വിരമിക്കല്‍ പ്രായം 60 ആക്കണം; സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി 2017-ല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസേര്‍സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും അതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.രോഗികളെ ചികിത്സിക്കുന്ന അലോപ്പതി ഡോക്ടര്‍മാരെയും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാരെയും വ്യത്യസ്തമായി കാണാനാകില്ലെന്ന് ഡോക്ടര്‍ റാം നരേഷ് ശര്‍മ്മ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ആയുഷ്, ആരോഗ്യ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ പി.എസ്. സുധീറാണ് അസോസിയേഷന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന്‍ വി.ചിദംബരേഷ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകും.

- Advertisement -

Leave A Reply

Your email address will not be published.