Ultimate magazine theme for WordPress.

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിത അന്തരിച്ചു

0

തിരുവനന്തപുരം: പ്രമുഖ ഗൈനക്കോളജിസ്റ്റും നടി മാലാപാര്‍വതിയുടെ അമ്മയുമായ ഡോ കെ ലളിത (85) അന്തരിച്ചു. പട്ടം എസ് യു ടി ആശുപത്രിയില്‍ ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 5.48 ഓടെയാണ് മരണം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

ആറ് പതിറ്റാണ്ടോളം ഗൈനക്കോളജി രംഗത്ത് പ്രവര്‍ത്തിച്ച ഡോ കെ ലളിത ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

- Advertisement -

1954-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ നാലാമത്തെ ബാച്ചില്‍ നിന്നും എംബിബിഎസ് നാലാം റാങ്കോടെ പാസായ ലളിത ഗൈനക്കോളജിയില്‍ പിജി നേടിയിട്ടുണ്ട്. പ്രസവചികിത്സാ രംഗത്ത് ഗൈനക്കോളജിസ്റ്റുകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടുന്നത്.

ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ ലളിത 1964-ല്‍ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചേര്‍ന്നത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയും ആയിരുന്നു. 1992-ല്‍ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചു. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. അര്‍ബുദ ബാധ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത് വരെ ഗൈനക്കോളജി രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്. മാല പാര്‍വതി,ലക്ഷ്മി എന്നിവര്‍ മക്കളാണ്.സിഡിറ്റ് ലോ ഓഫീസർ ആയിരുന്ന ബി സതീശൻ മരുമകൻ ആണ്. അനന്തകൃഷ്ണൻ ചെറുമകൻ.

ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാര്‍ത്തികപ്പള്ളി സ്വദേശി സി ഒ കേശവൻ – ഭാനുമതി ദമ്പതികളുടെ മൂത്തമകളാണ് ഡോ ലളിത.

സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5.30-ന് ശാന്തികവാടത്തില്‍.

- Advertisement -

Leave A Reply

Your email address will not be published.