Ultimate magazine theme for WordPress.

ചാലക്കുടി പുഴയില്‍ സ്ഥിതി ആശങ്കാജനകം; തീരത്തുള്ളവര്‍ ഉടന്‍ മാറണം, പുഴകള്‍ കരകവിയുന്നു

0

തൃശൂര്‍: ചാലക്കുടി പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും അടിയന്തര നിര്‍ദേശം.ഒരു മണിക്കൂര്‍ മുന്‍പ് പറമ്പിക്കുളത്തുള്ള സ്പില്‍ 16100 ക്യൂസെക്‌സ് ആണ്. 17480 ക്യൂസെക്‌സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്കെത്തുന്നത്. പുറത്തുള്ള മഴമൂലമാണ് ഈ അളവ് കൂടിയത്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.ഒഴുക്ക് കൂടിയ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കും. ഒഴുക്ക് കൂടുന്നതിനനുസരിച്ച് മാറാം എന്ന കരുതരുത്. ആളുകള്‍ ക്യാമ്പുകളിലേക്ക് മാറണം. ഫ്‌ളഡ് ടൂറിസം ഒരുതരത്തിലും അനുവദിക്കില്ല. പുഴയുടെ ഭാഗത്ത് ഇപ്പോഴും ആളുകള്‍ കാഴ്ച കാണാന്‍ നില്‍ക്കുകയാണ്. പുഴയിലൂടെ ഒഴുകിവരുന്ന സാധനങ്ങള്‍ പിടിക്കുക, വെള്ളം കാണാന്‍ പോവുക, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളില്‍ നില്‍ക്കുക, മീന്‍പിടിക്കുക, കുളിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. മഴ മുന്നറിയിപ്പ് എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണ്. തീരത്തുള്ളവരും ലയങ്ങളില്‍ താമസിക്കുന്നവരേയും ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മാറാന്‍ ജനങ്ങള്‍ വിസമ്മതിച്ചാല്‍ പോലീസിന്റേയും റവന്യൂ അധികൃതരുടേയും ഇടപെട്ട് മാറ്റും. ചാലക്കുടിയില്‍ വളരെ അടിയന്തരമായി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കൊണ്ടുവരാനുള്ള സജ്ജീകരണം നടത്തുന്നുണ്ട്.

ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി മഴ പെയ്യുന്ന അപൂര്‍വമായ പ്രതിഭാസമാണുള്ളത്. മലമ്പ്രദേശങ്ങളില്‍ അങ്ങനെയാണ് മഴ പെയ്യുന്നത്. മണ്ണ് നല്ലതുപോലെ കുതിര്‍ന്നിരിക്കുകയാണ്. മലമ്പ്രദേശങ്ങളില്‍ കൂടിയുള്ള യാത്ര നിയന്ത്രിക്കണം. അത് അപകടകരമാണ്.

- Advertisement -

ഓഗസ്റ്റ്‌ നാല് വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും വിലക്ക് ലംഘിച്ച് പോവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പാടില്ല. തീരശോഷണത്തിന്റെ സാധ്യത കൂടി ഇപ്പോള്‍ ഉണ്ട്. 64 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റിന്റെ ഗതിയുള്ളത്.

എന്‍ഡിആര്‍എഫിന്റെ പത്ത് ടീമുകള്‍ സംസ്ഥാനത്തിന് വേണ്ടി സജ്ജമാണ്. നേവി, എയര്‍ഫോഴ്‌സ്, ആര്‍മി, ബോര്‍ഡര്‍ പോലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റെ റെസ്‌ക്യൂ തുടങ്ങിയവയെല്ലാം സജ്ജമാണ്.

സംസ്ഥാനത്ത് 191 ദുരിതാശ്വാസ ക്യാമ്പുകളിലായി 5649 പേരെയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളിലേയും ഫാമുകളിലേയും മൃഗങ്ങളെ കൂടി മാറ്റാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

വ്യാജപ്രചാരണങ്ങള്‍ നടത്തരുത്. ജനങ്ങള്‍ എല്ലാത്തരത്തിലും സഹകരിച്ചാല്‍ മാത്രമേ പ്രതിസന്ധിയെ ഫലവത്തായി നേരിടാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.