കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തില്‍ നാളെ രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
- Advertisement -
ഡാം തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടമലയാര്‍ ഡാം തുറക്കും
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഇന്ന് രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക.
ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്.പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.
ഇടുക്കി ഡാമില്‍ മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്‌സ് ആക്കി ഉയര്‍ത്തും. രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
- Advertisement -