Ultimate magazine theme for WordPress.

ഒത്തിരി പ്രാര്‍ഥിച്ചു, സന്തോഷമായി; എല്‍ദോസിന്റെ സ്വര്‍ണനേട്ടത്തില്‍ വല്യമ്മ

0

ന്ത്യയുടെ, മലയാളികളുടെ അഭിമാനമായി എല്‍ദോസ് പോള്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണമെഡല്‍ നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി എല്‍ദോസ് പോള്‍. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസിന്റെ സുവര്‍ണനേട്ടം. എല്‍ദോസിന്റെ ഈ നേട്ടം ഏറ്റവും സന്തോഷിപ്പിക്കുന്നത് വല്യമ്മ മറിയാമ്മയെയാണെന്ന് നിസ്സംശയം പറയാം. കാരണം, നാലരവയസ്സുമുതല്‍ മറിയാമ്മ വളര്‍ത്തിയ കുഞ്ഞാണ് ഇന്ന് സ്വര്‍ണമെഡല്‍ കഴുത്തിലിട്ട് രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുന്നത്. ഒത്തിരി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ദൈവം കേട്ടു. സന്തോഷമായി- മറിയാമ്മ മാധ്യമങ്ങളോടു പ്രതികരിച്ചു.രാമമംഗലം പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് 25-കാരനായ എല്‍ദോസ്. നന്നേചെറുപ്പത്തില്‍ നാലരവയസ്സില്‍ എല്‍ദോസിന് അമ്മയെ നഷ്ടപ്പെട്ടു. പിന്നെ എല്‍ദോസിനെ വളര്‍ത്തിയത് മറിയാമ്മയാണ്. രാമമംഗലം വലിയ പള്ളി വക സ്‌കൂളിലാണ് എല്‍ദോസ് പഠനം തുടങ്ങിയത്. ഫീസും വണ്ടിക്കൂലിയും കൊടുക്കാനില്ലാത്തതിനാലാണ് കോതമംഗലത്ത്, താമസിച്ച് പഠിക്കുന്ന സ്‌കൂളിലാക്കിയത്. അവിടെനിന്ന് ആലങ്ങാട്ടെ സ്‌കൂളിലേക്ക് മാറ്റി. അവിടെയും താമസിച്ച് പഠിക്കുകയായിരുന്നു. സ്പോര്‍ട്സിലെ താത്പര്യം തിരിച്ചറിഞ്ഞ അടുത്ത ബന്ധു ബാബു ഇടപെട്ടാണ് അവനെ പാമ്പാക്കുട എം.ടി.എം. സ്‌കൂളില്‍ ചേര്‍ത്തത്.സ്‌കൂളില്‍ എല്ലാ കായികമത്സരങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന എല്‍ദോസിന് പോള്‍വോള്‍ട്ടിലായിരുന്നു കൂടുതല്‍ താത്പര്യം. ട്രിപ്പിള്‍ ജമ്പാണ് എല്‍ദോസിന് അനുയോജ്യമെന്ന് കണ്ടെത്തി ആ വഴിക്ക് തിരിച്ചുവിട്ടത് കായികാധ്യാപകന്‍ ജോര്‍ജ് ജോസ് ആയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ 2015-ല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ചു. കോതമംഗലം എം.എ. കോളേജിലെ കായികാധ്യാപകന്‍ മാത്യൂസ് ജേക്കബിന്റെ നിര്‍ദേശമനുസരിച്ചാണ് ഡിഗ്രി പഠനത്തിന് അവിടെയെത്തിയത്. എം.എ. കോളേജിലെ പരിശീലനം എല്‍ദോസിനെ ദേശീയ താരമായി ഉയര്‍ത്തി. ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ നേവിയില്‍ സെലക്ഷന്‍ ലഭിച്ചു. ഡല്‍ഹിയില്‍ പെറ്റി ഓഫീസറായി ജോലിചെയ്യുകയാണ് നിലവില്‍ എല്‍ദോസ്.

- Advertisement -

Leave A Reply

Your email address will not be published.