Ultimate magazine theme for WordPress.

ദേശീയപാതയടക്കമുള്ള റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണം; ഹൈക്കോടതിയുടെ അന്ത്യശാസനം

0

കൊച്ചി: ദേശീയപാതയടക്കമുള്ള റോഡുകളിലെ കുഴികൾ ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ ഒരു റോഡിലും കുഴിയുണ്ടായിരിക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പുനൽകി. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്നനിലയിൽ കാഴ്ചക്കാരായി നോക്കിനിൽക്കാതെ കളക്ടർമാർ റോഡിലെ കുഴികൾ അടയ്ക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

കുഴികളുണ്ടെങ്കിൽ എൻജിനിയർ, കരാറുകാർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കണം. ദേശീയപാതയിൽ അങ്കമാലിക്കടുത്ത് അത്താണിയിൽ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരനായ പറവൂർ സ്വദേശി ഹാഷിം മരിച്ച സംഭവത്തെ തുടർന്നാണ് റോഡുകളുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിച്ചത്.

- Advertisement -

അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന് റോഡുകളുടെ തകരാർമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാർക്ക് ബാധ്യതയുണ്ടെന്നാണ് ദേശീയപാത അതോറിറ്റി അഭിഭാഷകൻ വിശദീകരിച്ചത്. ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നിർമിച്ച ഭാഗത്താണ് അപകടം ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരസാധ്യത പരിശോധിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട കരാർ ഹാജരാക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖലാ ഓഫീസറെ കേസിൽ സ്വമേധയാ കക്ഷിചേർത്തു. അപകടമുണ്ടായ ഭാഗത്തെ റോഡിന്റെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ, കരാറുകാർ എന്നിവരെക്കുറിച്ചുള്ള വിവരം അറിയിക്കണം. തകർന്നുകിടക്കുന്ന മറ്റു ഭാഗങ്ങളെ സംബന്ധിച്ചും റിപ്പോർട്ട്‌ നൽകണമെന്ന്‌ കോടതി ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.