ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സ്ഥാനമേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് ജഗ്ദീപ് ധന്‍കറിന് സത്യവാചകം ചൊല്ലി കൊടുത്തത്.
- Advertisement -
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 528 വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ വിജയിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടാണ് ലഭിച്ചത്.
രാജസ്ഥാനിലെ കിതാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ആയിരിക്കേയാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായത്. കിതാന്‍ എന്ന ചെറുഗ്രാമത്തില്‍ 1958 മെയ് 18നാണ് ഗോകുല്‍ ചന്ദ്, കേസരി ദേവി ദമ്പതികളുടെ മകനായ ജഗ്ദീപ് ജനിക്കുന്നത്. ചിറ്റോര്‍ഗഢിലെ സൈനിക സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിഎസ്സി ഫിസിക്സ്, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. ജനതാദളിലൂടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കോണ്‍ഗ്രസ് വഴി ബിജെപിയില്‍. ഇതാണ് ധന്‍കറിന്റെ രാഷ്ട്രീയ യാത്രാവഴി. 1989ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം. കോണ്‍ഗ്രസ് കോട്ടയായിരുന്ന ജുന്‍ജുനില്‍നിന്ന് ജനതാദള്‍ ടിക്കറ്റില്‍ ലോക്സഭയിലേക്ക്. 1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്റിറികാര്യ മന്ത്രിയായി.
1991ല്‍ കോണ്‍ഗ്രസിലേക്ക് കളംമാറി. അക്കൊല്ലം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജ്മേറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങി. 1993ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഢില്‍നിന്ന് വിജയിച്ച് എംഎല്‍എ ആയി. 1998-ല്‍ ജുന്‍ജുനുവില്‍നിന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചുകൊല്ലത്തിനു ശേഷം 2003ല്‍ വീണ്ടും പാര്‍ട്ടി മാറി ബിജെപിയിലെത്തി. ബിജെപിയുടെ സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ പ്രധാനസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ട് ശക്തിയാര്‍ജിച്ചതും ധന്‍കറിന്റെ പാര്‍ട്ടി മാറ്റത്തിന് കാരണമായെന്ന് പറയപ്പെടുന്നുണ്ട്. 2019ല്‍ കേസരീനാഥ് ത്രിപാഠിയുടെ പിന്‍ഗാമിയായാണ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണര്‍സ്ഥാനത്തെത്തുന്നത്.
ഗവര്‍ണര്‍ ആയതിന് ശേഷം, മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന ധന്‍കറിനെ രാജ്യം കണ്ടു. സാമൂഹ്യ മാധ്യമങ്ങളിലും പൊതു വേദികളിലും മമതയും ധന്‍കറും തമ്മിലിടഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രമസമാധാനം തുടങ്ങി ഒന്നിനു പുറകേ ഒന്നായി ധന്‍കറും ദീദിയും തമ്മിലുടക്കി. മമതയെ ടാഗ് ചെയ്തുകൊണ്ടുള്ള ധന്‍കറിന്റെ ട്വീറ്റുകള്‍ ദേശീയ ശ്രദ്ധ നേടി. ഒടുവില്‍ ‘ശല്യം സഹിക്കാനാവാതെ’ മമത ധന്‍കറിനെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
ധന്‍കര്‍ ബിജെപി ഏജന്റാണെന്നും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഫെഡറല്‍ സംവിധാനം തകര്‍ക്കാനും നരേന്ദ്ര മോദി പറഞ്ഞയച്ചതാണെന്നും വരെ പറഞ്ഞു മമത. എന്നാല്‍ ഇതേ മമതതന്നെ, പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാതെ മാറിനിന്നു.
- Advertisement -