Ultimate magazine theme for WordPress.

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരേ മകന്‍ സുപ്രീം കോടതിയില്‍

0

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് മകന്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കേസില്‍ വിചാരണ നേരിടാന്‍ അമ്മയോട് നിർദേശിക്കണമെന്നും അഭിഭാഷക അന്‍സു കെ. വര്‍ക്കി മുഖേനെ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

- Advertisement -

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.