കരിപ്പൂര്‍: പിടികൂടിയ കള്ളക്കടത്ത് സ്വർണം കണക്കില്‍പ്പെടുത്താതെ പുറത്തെത്തിച്ച്, കൈക്കൂലി വാങ്ങി കൈമാറാന്‍ ശ്രമിച്ച കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയാണ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ രഹസ്യമായി സൂക്ഷിച്ച നാല് പാസ്‌പോര്‍ട്ടുകളും 4,95,000 രൂപയും സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. മുനിയപ്പയുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സികളും ആഡംബര വസ്തുക്കളും കണ്ടെത്തി.കോഴിക്കോട് വിമാനത്താവളത്തിനു പുറത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ദുബായിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചത്.കാസര്‍കോട് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുല്‍ നസീര്‍ (46), കെ.ജെ. ജംഷീര്‍ (20) എന്നിവരില്‍നിന്നാണ് 320 ഗ്രാം സ്വര്‍ണം പിടിച്ചത്. 640 ഗ്രാം തങ്കവുമായാണ് ഇവര്‍ വന്നിറങ്ങിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ പരിശോധനയില്‍ ഇത് കണ്ടെത്തി.രണ്ടുപേരില്‍ നിന്നായി 320 ഗ്രാം തങ്കം മാത്രം വകയിരുത്തി നോട്ടീസ് നല്‍കി. ബാക്കി വരുന്ന 320 ഗ്രാം തങ്കം 25,000 രൂപ വീതം നല്‍കിയാല്‍ പുറത്തെത്തിച്ചു തരാമെന്ന് രഹസ്യ ധാരണയിലെത്തി. അതുപ്രകാരം രാവിലെ എട്ടിന് ജോലി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് കൈമാറി. പിന്നീട് വിമാനത്താവളത്തിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജിന് സമീപത്തുവെച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് മുനിയപ്പയെയും യാത്രക്കാരെയും പിടികൂടിയത്.
- Advertisement -