Ultimate magazine theme for WordPress.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു

0

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്റെ നിയമനം.

 

- Advertisement -

മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. വരുന്ന നവംബര്‍ 08 വരെ ആണ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.  74 ദിവസം പദവിയില്‍ ഉണ്ടാകും. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു.

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. 1971 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാള്‍.

ജസ്റ്റിസ് ലളിതിന്റെ പിതാവ് ജസ്റ്റിസ് യു ആര്‍ ലളിത് ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി ആയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ചില വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കിയതിലുള്ള നീരസത്തെ തുടര്‍ന്ന് ഇന്ദിരഗാന്ധി അദ്ദേഹത്തിന് സ്ഥിരം ജഡ്ജി സ്ഥാനം നിഷേധിച്ചു. അടിയന്തരാവസ്ഥ കാലത്ത് കോടതികളില്‍ ഇന്ദിര ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതിരുന്നതാണ് ജസ്റ്റിസ് യു ആര്‍ ലളിതിനോട് ഇന്ദിരാഗാന്ധിക്കുള്ള അപ്രിയത്തിന് കാരണമായത്.

കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങളുടെ പരിഗണന, ഭരണഘടനാ ബെഞ്ചുകൾ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജസ്റ്റിസ്
യു യു ലളിത് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസുകൾ ലിസ്റ്റ് ചെയ്യുന്നത് ലളിതവും സുതാര്യവുമാക്കും. ഏത് അടിയന്തര വിഷയവും അതത് കോടതിക്ക് മുമ്പാകെ സ്വതന്ത്രമായി പരാമർശിക്കാൻ സാഹചര്യമുണ്ടാക്കും. ഒരു ഭരണഘടനാ ബെഞ്ച് വർഷം മുഴുവൻ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.