Ultimate magazine theme for WordPress.

‘നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു; പ്രത്യേക പരിശീലന ക്യാംപ് സംഘടിപ്പിച്ചു’; ഗുരുതര വെളിപ്പെടുത്തലുമായി ഇഡി

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.

- Advertisement -

 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഘങ്ങള്‍ക്കായി മാരകമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോപ്പുലര്‍ ഫ്രണ്ട് ശേഖരിച്ചിരുന്നതായും കണ്ടെത്തിയതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇന്ത്യയില്‍ കലാപങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി 120 കോടിയോളം രൂപയാണ് വിവിധ മാര്‍ഗങ്ങളിലൂടെ സംഘടന ശേഖരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി സംശയകരമായ ഉറവിടങ്ങളില്‍ നിന്നുമാണ് സംഘടനയ്ക്ക് ഫണ്ട് എത്തിയിട്ടുള്ളത്.

കേസില്‍ അറസ്റ്റിലായ ഷെഫീഖ് പായേത്ത് മുമ്പ് ഖത്തറില്‍ താമസിച്ചിരുന്ന വേളയില്‍, തന്റെ എന്‍ആര്‍ഐ അക്കൗണ്ട് വഴി വന്‍തോതില്‍ പണം പോപ്പുലര്‍ ഫ്രണ്ടിന് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നും ഇഡി പറയുന്നു. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുള്‍ മുഖീത് എന്നിവരാണ് ഷഫീഖിന് പുറമേ പിടിയിലായത്.

- Advertisement -

Leave A Reply

Your email address will not be published.