തിരുവനന്തപുരം: ഓഫിസിലെ കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണറുടെ നിർദേശം. മേലധികാരിയുടെ അനുമതിയില്ലാതെ ഓഫിസിലെ കംപ്യൂട്ടർ ഉപയോഗിക്കരുതെന്നാണ് കമ്മിഷണർ എസ് ആനന്ദകൃഷ്ണന്റെ നിർദേശം. വ്യക്തിപരമായ കാര്യങ്ങൾ ഓഫിസ് കംപ്യൂട്ടറിൽ സൂക്ഷിച്ചുവയ്ക്കുക പോലും ചെയ്യരുതെന്ന് രേഖാമൂലം നൽകിയ നിർദേശത്തിൽ പറയുന്നു. ഓഫിസുകളിലെ കംപ്യൂട്ടറുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണറുടെ ഇടപെടൽ. തിരുവനന്തപുരം ജില്ലയിലെ ഒരു ഓഫിസിൽ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കംപ്യൂട്ടറിൽ സിനിമ കാണുന്നതു പതിവാണെന്ന പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കംപ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
- Advertisement -