Ultimate magazine theme for WordPress.

അമേരിക്കയുമായുള്ള ബന്ധവും വിശ്വാസവും മുൻപത്തേതിനേക്കാൾ ആഴത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി : അമേരിക്കയുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലി’ന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയിൽ അഭൂതപൂർവമായ വിശ്വാസമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന സഹകരണം രണ്ട് രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രധാന സ്തംഭമായി മാറിയെന്നും ഈ പങ്കാളിത്തം വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നിവയിലേക്ക് വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ സമൂഹം റഷ്യക്ക് എതിരായി നില്‍ക്കുന്നതും ചൈന റഷ്യക്ക് ഒപ്പം കൂടുന്നതും നേട്ടമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്തിയാല്‍ അത് ചൈനയ്ക്ക് താക്കീതാകുമെന്ന വിശ്വാസത്തിലാണ് അമേരിക്ക. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറുകുമ്പോഴും ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

- Advertisement -

ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമുഖത്തില്‍ സംസാരിച്ചു. അതോടൊപ്പം സുസ്ഥിരവും ആധുനികവുമായ സാമ്പത്തിക ശക്തിയാകുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ പങ്കിനെക്കുറിച്ചും ലോക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചും പറഞ്ഞ ശ്രീ മോദി ഇന്ത്യയുടെ സമയം വന്നെത്തിയിരിക്കുന്നെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾക്കു വിധേയമാകുന്ന ബഹുധ്രുവ ലോക ക്രമത്തോടു പൊരുത്തപ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും മാറ്റങ്ങള്‍ വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷമായി എല്ലാവിധത്തിലുള്ള മതവിശ്വാസങ്ങളും വളരെ അധികം സ്വാതന്ത്ര്യത്തോടെയും പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും അഭിവൃദ്ധിപ്പെട്ട് മുന്നേറുന്ന നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യ സഹിഷ്ണുതയും ഒപ്പം വൈവിധ്യവും ആഘോഷിക്കുകയാണ്. ലോകത്തിലെ എല്ലാ മതവിശ്വാസികളും ഇന്ത്യയില്‍ ഐക്യത്തോടെ ജീവിക്കുന്നത് കാണാനാകും – അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത്, ഉദ്യോഗസ്ഥദുഷ്പ്രഭുത്വം ഇല്ലാതാക്കുന്നതിനും നിയമങ്ങളില്‍ ഇളവു വരുത്തുന്നതിനും മോദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വഴി തുറക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളരാജ്യമെന്ന നിലയില്‍ ഇന്ത്യ ചൈനയെ മറികടന്നു. രാജ്യത്തിന്റെ ജനസംഖ്യ യുവത്വമാർന്നതാണ്. വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഗവണ്മെന്റ് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉല്‍പ്പാദന, വിതരണ ശൃംഖലകളുടെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘ഇന്ത്യ ഒരു രാജ്യത്തിന്റെയും സ്ഥാനം തട്ടിയെടുക്കുന്നില്ല. ഇന്ത്യ അതിന്റെ ശരിയായ സ്ഥാനം നേടിയെടുക്കുകയാണു ചെയ്യുന്നത്’- മോദി പറഞ്ഞു. ലോകം ഇന്ന് മുന്‍പത്തേതിനെക്കാള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതുമാണ്. അതിജീവനശേഷി കെട്ടിപ്പടുക്കുന്നതിന് വിതരണ ശൃംഖലകളില്‍ കൂടുതല്‍ വൈവിധ്യവൽക്കരണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനയുമായുള്ള സഹകരണത്തിന് അതിര്‍ത്തിയില്‍ സമാധാനം നിറഞ്ഞ അന്തരീക്ഷമുണ്ടാകേണ്ടതുണ്ടെന്നു ശ്രീ മോദി പറഞ്ഞു. ‘പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതിലും നിയമവാഴ്ച പാലിക്കുന്നതിലും ഭിന്നതകളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതേ സമയം, ഇന്ത്യ അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പൂർണസജ്ജവും പ്രതിജ്ഞാബദ്ധവുമാണ് – ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ നിലപാട് എന്താണെന്ന് ലോകത്തിന് അറിയാമെന്നാണ് താന്‍ കരുതുന്നത്, ഇന്ത്യയുടെ പ്രധാന പരിഗണന സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലാണെന്ന് ലോകത്തിന് അറിയാം – റഷ്യയുമായുള്ള സഹകരണവും ഇക്കാര്യത്തിൽ അമേരിക്കയുടെ ചില കോണിൽ നിന്നുള്ള പ്രതികരണത്തെക്കുറിച്ചുമുള്ള ചോദ്യത്തിനു മറുപടിയായി ശ്രീ മോദി പറഞ്ഞു.

‘യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ കാര്യം പരിശോധിക്കുമ്പോള്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങള്‍ യഥാർഥത്തില്‍ നിഷ്പക്ഷമല്ല. ഞങ്ങള്‍ക്ക് പക്ഷമുണ്ട്, അത് സമാധാനത്തിന്റെ പക്ഷമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യങ്ങളുടെ പരമാധികാരത്തേയും ബഹുമാനിക്കണം. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയുമാണ്. മറിച്ച്, യുദ്ധത്തിലൂടെയല്ല’ – മോദി പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്‌കി എന്നിവരുമായി നിരവധി തവണ സംസാരിച്ചതായും ശ്രീ മോദി വ്യക്തമാക്കി. സെലന്‍സ്‌കിയുമായി മെയ് മാസത്തില്‍ ജപ്പാനില്‍ നടന്ന ഉച്ചകോടിക്കിടെയും സംസാരിച്ചിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടുന്ന എല്ലാവിധ സഹകരണവും പിന്തുണയും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട് – പ്രധാനമന്ത്രി വ്യക്തമാക്കി.

ഭീകരവാദം, നിഴൽയുദ്ധങ്ങള്‍, വിപുലീകരണവാദം തുടങ്ങി ലോകത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. ശീതയുദ്ധകാലത്ത് സൃഷ്ടിച്ച ആഗോള സ്ഥാപനങ്ങളുടെ പരാജയത്തെതുടര്‍ന്ന് ആഗോളതലത്തില്‍ ചെറുതും പ്രാദേശികവുമായ വിഭാഗങ്ങൾ ഉയര്‍ന്നുവന്നെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പോലുള്ള സ്ഥാപനങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.

‘സുപ്രധാനമായ പല സംഘടനളിലേയും അംഗത്വം നിങ്ങള്‍ പരിശോധിക്കൂ, അവ ശരിക്കും ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശബ്ദമുയര്‍ത്തുന്നുണ്ടോ?’ – മോദി ചോദിച്ചു. ‘ആഫ്രിക്ക പോലുള്ള മേഖലകളുടെ ശബ്ദം അവിടെ ഉയരുന്നുണ്ടോ? വലിയ ജനസംഖ്യയും ആഗോള സാമ്പത്തിക മേഖലയില്‍ തങ്ങളുടേതായ സ്ഥാനവുമുള്ള രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും ഇന്ത്യയെ നിങ്ങള്‍ക്ക് അത്തരം അംഗത്വങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ടോ?’ – ഐക്യരാഷ്ട്രസഭയിലെ സുരക്ഷാകൗണ്‍സിലിലെ സ്ഥിരാംഗത്വ വിഷയത്തെ പരോക്ഷമായി പരാമര്‍ശിച്ച് ശ്രീ മോദി ചോദിച്ചു. ഇപ്പോഴത്തെ അംഗരാജ്യങ്ങളുടെ കാര്യത്തില്‍ വിലയിരുത്തലുണ്ടാകണം. ഇന്ത്യ ആ സ്ഥാനം അര്‍ഹിക്കുന്നില്ലേയെന്ന് ലോകരാജ്യങ്ങളോട് ചോദിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സമയം എത്തിയിരിക്കുന്നുവെന്ന ചിന്ത ഇപ്പോള്‍ ഇന്ത്യക്കാരിലും സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കഴിഞ്ഞതായും വാൾ സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നു. ‘സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താൻ. അതുകൊണ്ടാണ് എന്റെ ചിന്താ പ്രക്രിയയിൽ, എന്റെ പെരുമാറ്റത്തിൽ, ഞാന്‍ പറയുന്നതിലും ചെയ്യുന്നതിലും, രാജ്യത്തിന്റെ ഗുണങ്ങളും പാരമ്പര്യങ്ങളും പ്രചോദനവും സ്വാധീനവുമേകുന്നത്. അതില്‍ നിന്നാണ് ഞാന്‍ ശക്തി പ്രാപിക്കുന്നത്. എന്റെ രാജ്യം എപ്രകാരമാണോ അതുപോലെയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്; അതുപോലെ, എന്നെ ഞാനായിട്ടും’ – അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.