Ultimate magazine theme for WordPress.

പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; 2025 ആദ്യമെത്തുക കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടില്‍; സംസ്ഥാനത്തും വിപുലമായ ആഘോഷം

0

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ചു തുടങ്ങും. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലണ്ടില്‍ പുതുവത്സരം പിറക്കുന്നത്. പിന്നാലെ ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറക്കും.

ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ്്ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിലും 2025-ന് തുടക്കമാകും.

- Advertisement -

രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കര്‍ ഐലണ്ടിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവര്‍ഷമെത്തൂ.

അതേസമയം, സംസ്ഥാനത്ത് ഫോര്‍ട്ട് കൊച്ചി, കോവളം, കോഴിക്കോട് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാത്രി വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. ദേശിയ ദുഖാചരണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ ആഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കിയെങ്കിലും, വെളി ഗ്രൗണ്ടിലെ പരിപാടികള്‍ മാറ്റമില്ലാതെ തുടരും. കൊച്ചി കേന്ദ്രീകരിച്ച് പള്ളുരുത്തി, മലയാറ്റൂര്‍, കാക്കനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.