Ultimate magazine theme for WordPress.

‘പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരിക്കേല്‍പ്പിച്ചു’; ഫോറസ്റ്റ് ഓഫീസ് ആക്രമണം അന്‍വറിന്റെ പ്രേരണയില്‍: റിമാന്‍ഡ് റിപ്പോര്‍ട്ട്

0

മലപ്പുറം: നിലമ്പൂര്‍ വനംവകുപ്പ് ഓഫീസ് ആക്രമണം പി വി അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പി വി അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫീസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല്പത് അംഗ സംഘമാണ് ഓഫീസ് ഉപരോധത്തിന് എത്തിയത്. ഓഫീസിന് മുന്നിലിരുന്ന് ഇവര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കണ്ടാലറിയാവുന്ന പത്തുപേര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. സ്ഥലത്തുണ്ടായിരുന്ന പി വി അന്‍വറാണ് അക്രമത്തിന് പ്രേരണയും നേതൃത്വവും നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

അതിനിടെ പി വി അന്‍വര്‍ നല്‍കിയ ജാമ്യാപേക്ഷ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടു. ഇതിനുശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ സഫറുള്ളയാണ് അന്‍വറിന് വേണ്ടി ഹാജരാകുന്നത്.

 

കരുളായിയില്‍ ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായിട്ടാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. ഫോറസ്റ്റ് ഓഫീസ് അക്രമത്തിന്റെ പേരില്‍ രാത്രിയാണ് വീടു വളഞ്ഞ് പി വി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വര്‍ നിലവില്‍ തവനൂര്‍ ജയിലില്‍ കഴിയുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.