ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഐപിഎല്‍ കളിക്കാന്‍ ഇനി വരുന്നില്ലെന്നു വ്യക്തമാക്കി ഓസ്ട്രേലിയന്‍ ബാറ്റര്‍ ജാക് ഫ്രേസര്‍ മക്ഗുര്‍ക്. പിന്നാലെ താരത്തിനു പകരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നു ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിയിരുന്നു. ടൂര്‍ണമെന്റ് ഈ മാസം 17നു പുനരാരംഭിക്കാനിരിക്കെയാണ് മക്ഗുര്‍ക് തിരിച്ചു വരുന്നില്ലെന്നു വ്യക്തമാക്കിയത്.താരത്തിന്റെ അഭാവം ഡല്‍ഹിക്ക് വലിയ തലവേദനയാകുമെന്നു തോന്നുന്നില്ല. സീസണില്‍ ആറ് കളികളില്‍ നിന്നു 55 റണ്‍സ് മാത്രമാണ് ഓസീസ് താരം നേടിയത്.
അതേസമയം മുസ്തഫിസുറിന്റെ വരവ് അവര്‍ക്ക് ഗുണമായേക്കും. ഐപിഎല്ലില്‍ വലിയ പരിചയസമ്പത്തുള്ള താരത്തെ ഡെത്ത് ഓവറുകളില്‍ ഡല്‍ഹിക്ക് ഉപയോഗിക്കാന്‍ സാധിക്കും.
2016 മുതല്‍ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച താരമാണ് മുസ്തഫിസുര്‍. 2022, 2023 സീസണുകളിലും താരം ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചിട്ടുണ്ട്.38 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 38 വിക്കറ്റുകളാണ് 29കാരന്‍ നേടിയിട്ടുള്ളത്. 7.84 ആണ് ഇക്കോണമി. 106 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു 132 വിക്കറ്റുകള്‍. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ടി20 പോരാട്ടങ്ങളിലായി 281 മത്സരങ്ങള്‍. 351 വിക്കറ്റുകള്‍.
- Advertisement -