സീരിയൽ നിലവാരം: തിരക്കഥകളിൽ മസാല പുരട്ടുന്ന രീതിയിൽനിന്ന് ചാനലുകൾ പിന്മാറണം: മന്ത്രി
തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളുൾപ്പെടെ പരിപാടികളുടെ സെൻസറിങ് ഗൗരവമായി കാണുമെന്ന് മന്ത്രി സജി ചെറിയാൻ. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് കാണുന്ന പരിപാടികളായതിനാൽ സീരിയലുകളുടെ സെൻസറിങ്ങിന് കൂടുതൽ ഗൗരവം കൊടുക്കണമെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരക്കഥകളിൽ കൂടുതൽ മസാല പുരട്ടി ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന രീതിയിൽനിന്ന് ചാനലുകൾ പിന്മാറണം. അതിനു മാറ്റംവരുത്തുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ചാനൽ മേധാവികളുടെ യോഗം വിളിക്കും. പരിപാടികളുടെ നിലവാരം ഉയർത്തുന്ന കാര്യങ്ങളാകും ഈ ചർച്ചയിൽ മുന്നോട്ടുവെക്കുക. വിവിധ അക്കാദമികൾക്ക് കീഴിലുള്ള അവാർഡുകളുടെ തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കും. ടി.വി അവാർഡ് തുക വർധിപ്പിക്കണമെന്ന ജൂറി ശിപാർശ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനോട് മന്ത്രി നിർദേശിച്ചു.
- Advertisement -
സിനിമ തിയറ്ററുകൾ തുറക്കണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഡിസംബറിൽ വാക്‌സിനേഷൻ നടപടി പൂർത്തിയാകുന്നതോടെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് തിയറ്ററുകൾ തുറക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതിന്റെ മുന്നോടിയായാണ് സിനിമ-സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
- Advertisement -