സിനിമയിലെ പിൻമാറ്റം: പൃഥ്വിരാജും ആഷിഖ് അബുവും നട്ടെല്ലുമുളയ്ക്കാൻ വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കണമെന്ന് ടി.സിദ്ധീഖ്
കോഴിക്കോട്: വാരിയംകുന്നൻ സിനിമയിൽ നിന്നു പിൻമാറിയ നടൻ പൃഥ്വിരാജിനെയും സംവിധായകൻ ആഷിഖ് അബുവിനെയും ട്രോളി കോൺഗ്രസ് നേതാവ് ടി.സിദ്ധീഖ്.
- Advertisement -
ഫേസ്ബുക്കിലാണ് രണ്ടുപേരോടും ഉറപ്പുള്ള നട്ടെല്ലുമുളയ്ക്കാൻ വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കാൻ ടി.സിദ്ധീഖ് നിർദേശിക്കുന്നത്. പോസ്റ്റിനോടൊപ്പം വാഴപ്പിണ്ടിയുടെയും വാഴപ്പിണ്ടി ജ്യൂസിന്റെയും ചിത്രവും ചേർത്തിട്ടുണ്ട്. വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കിൽ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നുവെന്നാണ് പോസ്റ്റിൽ കുറിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി കമന്റുകളും വന്നു നിറയുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുപുറമേ സംഘ്പരിവാർ അനുകൂലികളും മറ്റും സിദ്ധീഖിനിട്ടും കൊട്ടുന്നുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പുമാറ്റ പ്രതിസന്ധികൾക്കുള്ള ഒറ്റമൂലിയായും വാഴപ്പിണ്ടി ഉപയോഗിക്കാനും ചിലർ നിർദേശിക്കുന്നുണ്ട്.
- Advertisement -