കേരളത്തിലെ സീരിയലുകൾക്ക് കലാമൂല്യം കുറവാണെന്ന ജൂറിയുടെ അഭിപ്രായത്തോട് വിയോജിച്ച് ഹരീഷ് പേരടി; സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിന് പുരസ്‌കാരം നൽകാത്തതിൽ പ്രതിഷേധമറിയിച്ച് നടൻ ഹരീഷ് പേരടി.
സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്ന് പരിശോധിക്കാറുണ്ടോയെന്നും താരം ചോദിക്കുന്നു.
- Advertisement -
ഹരീഷ് പേരടിയുടെ വാക്കുകൾ:
ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകൾ കണ്ടു കൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്.. നിങ്ങളുടെ മുന്നിൽ വന്ന സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല.
അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. പറഞ്ഞ പണിയെടുത്താൽ പോരെ. അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ?.. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്, കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ?..
കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ?.. എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്, പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പി.ടി. ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല. അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണർക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണരായ സീരിയൽ കലാകാരൻമാരെ വിലയിരുത്താൻ ഒരു യോഗ്യതയുമില്ല.
എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്. ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്. സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ.. അത്രയേയുള്ളൂ.
- Advertisement -