ഏറ്റുമാനൂർ മോഷണക്കേസ്; ആഭരണങ്ങൾ സൂക്ഷിക്കേണ്ട ചുമതല മേൽശാന്തിമാർക്കാണെന്ന് പൊലീസ്: മുൻ മേൽശാന്തിയെ പ്രതിയാക്കി റിപ്പോർട്ട്; മുൻകൂർ ജാമ്യം തേടി മേൽശാന്തി
എറണാകുളം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് തളിയിൽ വാരിക്കാട് കേശവൻ സത്യേഷിനെതിരെയാണ് ഏറ്റുമാനൂർ പൊലീസിന്റെ നടപടി. മാല നൽകിയ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മാല നിർമ്മിച്ച സ്വർണ്ണപ്പണിക്കാരൻ ഉൾപ്പെടെ 17 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
81 രുദ്രാക്ഷമണികളും 23 ഗ്രാം തൂക്കവുമുള്ള മാല മോഷണം പോയെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. കേശവൻ സത്യേഷ് ചുമതലയൊഴിഞ്ഞതിനു ശേഷം കഴിഞ്ഞ ജൂലൈ ആദ്യം പുതിയ മേൽശാന്തി ചുമതലയേറ്റപ്പോഴാണ് മാല കാണാതായ സംഭവം പുറത്തറിഞ്ഞത്. നഷ്ടപ്പെട്ട മാലയ്ക്കു പകരം 72 മുത്തുകളുള്ള മറ്റൊരു മാല കണ്ടെത്തുകയും ചെയ്തു. അതേസമയം പൊലീസ് ചോദ്യം ചെയ്യാനിരിക്കെ ഇദ്ദേഹം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
ദേവസ്വം ബോർഡ് വിജിലൻസിന് പിന്നാലെ മാല മോഷണംപോയെന്നാണ് പൊലീസിന്റെയും നിഗമനം. മോഷണക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ച പൊലീസ് മുൻ മേൽശാന്തിയെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. അടുത്ത ദിവസം മുൻ മേൽശാന്തി കേശവൻ സത്യേഷിനെ ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് നൽകും. ആഭരണങ്ങൾ സൂക്ഷിക്കേണ്ട ചുമതല മേൽശാന്തിമാർക്കാണ്.